1

വിഴിഞ്ഞം: വർഷങ്ങൾക്ക് ശേഷം വിഴിഞ്ഞം മത്സ്യബന്ധന തീരം തിരക്കിന്റെ പിടിയിൽ. അഞ്ച് വർഷത്തിന് ശേഷമാണ് ഈ സീസണിൽ വാള മത്സ്യം വൻ തോതിൽ ലഭിക്കുന്നത്. അടുത്തത് കണവയ്ക്കായുള്ള കാത്തിരിപ്പാണ്. ജൂലായ് അവസാനത്തോടെയാണ് കണവ ലഭിക്കേണ്ടത്. കുറച്ച് ദിവസം മുൻപ് ധാരാളം കല്ലൻ കണവ കിട്ടി. കിലോയ്ക്ക് 400 രൂപ വരെ ലഭിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇനി ഓലക്കണവയുടെയും ചതക്കണവയുടെയും കാലമാണ്. അക്കാര്യത്തിൽ കടലമ്മ കനിയുമെന്നു തന്നെയാണ് തീരത്തിന്റെ വിശ്വാസം.

പക്ഷേ ജൂണിൽ കൊഞ്ചിന് ഇക്കുറി ക്ഷാമമുണ്ടായി. സീസൺ ആരംഭം മുതൽ കൊഴിയാള സുലഭമായിരുന്നു. ഒരു കുട്ട കൊഴിയാളയ്ക്ക് 2,000 രൂപ വരെയായിരുന്നെങ്കിൽ ഇപ്പോൾ 600 രൂപ വരെ താഴ്ന്നു. അത്രയും സുലഭമാണ് കൊഴിയാള. വാളയ്ക്ക് തുടക്കത്തിൽ 200 രൂപയായിരുന്നെങ്കിൽ ലഭ്യതയനുസരിച്ച് 110 - 70 വരെയായി. വർഷങ്ങൾക്ക് ശേഷം ചെറുചാള മത്സ്യവും കൂട്ടത്തോടെ ഈ സീസണിൽ ലഭിച്ചു. ഉൾക്കടലിൽ കനത്ത കാറ്റുവീശുന്നതിനാൽ ചൂര പോലുള്ള വലിയ മത്സ്യങ്ങൾ പിടിക്കാൻ കഴിയുന്നില്ല. ഇപ്പോൾ ലഭിക്കുന്നത് ഉപരിതല മത്സ്യങ്ങളാണെങ്കിലും സീസണിൽ ചെറിയ ചൂര കുറവാണ്. സെപ്തംബർ പകുതിയോടെ സീസൺ അവസാനിക്കും. ഇനിയുള്ള രണ്ടുമാസം നിർണായകമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.


20 വർഷങ്ങൾക്കു ശേഷം ...

നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇപ്പോൾ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ കൂട്ടം ഉണ്ടാകുന്നത്. പട്ടണം ഹാർബറിൽ മണ്ണടിഞ്ഞതും കൊല്ലത്തെ പ്രാദേശിക വിഷയങ്ങളും കാരണം അവിടത്തെ മത്സ്യത്തൊഴിലാളികളും ചിന്നത്തുറ, തുത്തൂർ എന്നിവിടങ്ങളിലെ തൊഴിലാളികളും വിഴിഞ്ഞത്ത് എത്തിയിരിക്കുകയാണ്. തീരത്ത് മത്സ്യം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.


തീരം ഉണർന്നു.....

സീസണിൽ ഇത്രയും അധികം തൊഴിലാളികൾ എത്തിയതോടെ തീരത്തെ കച്ചവട സ്ഥാപനങ്ങൾ ഉണർന്നു. ഹോട്ടലുകൾക്കും മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇക്കുറി നല്ല കച്ചവടമാണ്.


മണ്ണെണ്ണ വില ഇരുട്ടടിയായി


ഇപ്പോൾ കടലിൽ പോയിവരുന്നതിന് മണ്ണെണ്ണ ഉൾപ്പെടെ 10,000ത്തോളം രൂപ ചെലവാകുന്നുണ്ട്. തട്ടുമടിക്കാനെങ്കിൽ 25000ത്തോളം രൂപയും. തൊഴിലാളികൾക്ക് നൽകിയിരുന്ന മണ്ണെണ്ണയുടെ ക്വാട്ട വെട്ടിക്കുറച്ചതും തിരിച്ചടിയായി. മത്സ്യഫെഡ്‌ വഴി കൊടുക്കുന്ന മണ്ണെണ്ണ 142 രൂപയോളമായി. കരിഞ്ചന്തയിൽ 170 രൂപയും.