
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇന്നലെ സ്പെഷ്യൽ ബ്രാഞ്ച് സംഘം പഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് രേഖകൾ പരിശോധിച്ചു. പഞ്ചായത്തിലെ ഫണ്ട് വിനിയോഗത്തിൽ 50 ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും നെയ്യാർ ഡാം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. വിവിധ വിഭാഗത്തിൽപ്പെട്ട പദ്ധതി തുക, സി.ഡി.എസ് ഫണ്ട്, കുടുംബശ്രീകൾക്കുള്ള റിവോൾവിംഗ് ഫണ്ട് എന്നിവയും കാണാതായിട്ടുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങളും തട്ടിയെടുത്തതായി കണ്ടെത്തി. അനർഹരായ ഗുണഭോക്താക്കൾക്ക് പണം അനുവദിച്ചതിനുശേഷം അവർ മുഖേനെ തന്നെ തുക പിൻവലിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
കൂട്ടപ്പൂ സ്വദേശിയായ ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് 6 ലക്ഷം രൂപ മാറ്റിയും, കുട്ടമല സ്വദേശിയായ ഒരാളുടെ അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം രൂപ മാറ്റിയ ശേഷം ഇവരെ കണ്ടുപിടിച്ച് പണം തിരികെ വാങ്ങിയുമാണ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ ചെയ്തത്. പണം തട്ടിയെടുത്തതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇയാൾ കുറ്റം ഏൽക്കുകയും രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് എഴുതിനൽകുകയും ചെയ്തിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പാർട്ട്മെന്റുതല അന്വേഷണം തുടങ്ങിയത്.