ep

 അവർ നൽകേണ്ടിയിരുന്നത് അവാർഡ്

തിരുവനന്തപുരം: 'ഇൻഡിഗോ എയർലൈൻ കമ്പനിയുടെ വിമാനത്തിൽ താൻ ഇനി യാത്ര ചെയ്യില്ല, നിലവാരം കുറഞ്ഞ വൃത്തികെട്ട കമ്പനിയായി താൻ അതിനെ മനസിലാക്കുന്നു'. ഇൻഡിഗോ വിമാനത്തിൽ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവത്തിലാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ഈ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കാണ് വിമാനക്കമ്പനി പ്രഖ്യപിച്ചത്.

മാന്യതയുള്ള വേറെ വിമാനങ്ങളിൽ യാത്ര ചെയ്യുമെന്നും ജയരാജൻ പറഞ്ഞു. നടന്നുപോകേണ്ടി വന്നാലും താൻ ഇനി ഇൻഡിഗോ വിമാനത്തിൽ കയറില്ല.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ പ്ലാൻ ചെയ്താണ് വന്നത്. ക്രിമിനലുകളാണെന്നറിഞ്ഞിട്ടും അവർക്ക് യാത്രാനുമതി നൽകിയത് തെറ്റാണ്. അന്ന് അവർ മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നുവെങ്കിൽ വിമാനക്കമ്പനിക്ക് എത്ര ദോഷം സംഭവിക്കുമായിരുന്നു. താൻ വഴിയിൽ തടസപ്പെടുത്തിയതിനാലാണ് അവർക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താനാവാതിരുന്നത്. കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കാൻ ഇടയാക്കാതെ സഹായിച്ചതിന് തനിക്ക് അവർ അവാർഡ് നൽകേണ്ടതാണ്.

കാര്യങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം ഇൻഡിഗോ കമ്പനി തെറ്റായ തീരുമാനമാണെടുത്തത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനല്ല അവർ താല്പര്യം കാണിച്ചത്. പതിനെട്ട് കേസുകളിൽ പ്രതിയായ ക്രിമിനൽ പറഞ്ഞതു കേട്ട് വിധിക്കാനാണ് അവർ തയ്യാറായത്. യാത്രാവിലക്കിന്റെ അറിയിപ്പ് തനിക്കിതുവരെ ലഭിച്ചിട്ടില്ല. ഒടുവിൽ വിവരം തിരക്കിയാണ് വാർത്ത സ്ഥിരീകരിച്ചത്.

പുനഃപരിശോധിക്കണം: സി.പി.എം

ഇ.പി. ജയരാജനെതിരെയുള്ള ഇൻഡിഗോ വിമാനക്കമ്പനിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വസ്തുതകൾ പൂർണമായും പരിശോധിക്കാതെ കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കണം.

ജയരാജനും ഭാര്യയും

ട്രെയിനിൽ കണ്ണൂരിലേക്ക്

ഇൻഡിഗോ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഇ.പി. ജയരാജൻ ഇന്നലെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയത് ട്രെയിനിൽ. വൈകിട്ട് കൊങ്കൺ വഴി ഗുജറാത്തിലേക്കുള്ള വരാവൽ എക്സ് പ്രസിലായിരുന്നു ഭാര്യയ്ക്കൊപ്പമുള്ള യാത്ര.