
തിരുവനന്തപുരം:രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 140 നിയമസഭാംഗങ്ങളും ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു എംഎൽഎയും തമിഴ്നാട്ടിൽ നിന്നുള്ള ഒരു എംപിയും വോട്ടിട്ടു. കേരളത്തിലെ എല്ലാ വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്കാണ്.
വോട്ടു പെട്ടി സീൽ ചെയ്ത് സംസ്ഥാനത്തെ അസി.റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറി ഇൻചാർജ്ജ് കവിതാ ഉണ്ണിത്താനും ജോയിന്റ് സി.ഇ.ഒ. പി.കൃഷ്ണദാസനും വൈകിട്ട് 7.20ന് സുരക്ഷാ അകമ്പടിയോടെ എയർഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോയി വോട്ടുകൾ കൈമാറി.
പാലക്കാട്ട് ആയൂർവേദ ചികിത്സയിലായിരുന്ന ഉത്തർപ്രദേശിലെ സേവാപുരി മണ്ഡലത്തിലെ എൻ.ഡി.എ പ്രതിനിധിയും അപ്നാദൾ പാർട്ടി നേതാവുമായ നീൽ രത്തൻ സിംഗ് വീൽ ചെയറിലെത്തിയാണു വോട്ട് ചെയ്തത്.തമിഴ്നാട് തിരുനെൽവേലിയിലെ ലോകസഭാംഗവും ഡിഎംകെ പ്രതിനിധിയുമായ ജ്ഞാന തെരൈവിയം കോവിഡ് ബാധിച്ചു ചികിത്സയിലായതിനാൽ വൈകുന്നേരം നാലുമണിയോടെ പി.പി.ഇ. കിറ്റ് ധരിച്ചാണു വോട്ട് രേഖപ്പെടുത്തിയത്. ഒടുവിലത്തെ വോട്ടറായിരുന്നു അദ്ദേഹം. എംപിയുടെയും യു.പി എംഎൽഎയുടേയും വോട്ടുകൾ അതത് സംസ്ഥാനങ്ങളുടെ പട്ടികയിലാണ് എണ്ണുക.അതിനാൽ പ്രത്യേകം പെട്ടിയിലാക്കിയാണ് കൊണ്ടുപോയത്.
ഇന്നലെ രാവിലെ പത്തിന് നിയമസഭാ മന്ദിരത്തിലെ 740ാം നമ്പർ മുറിയിലൊരുക്കിയ ബൂത്തിൽ ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ വോട്ടർ സി.പി.എം അംഗം ടി.പി. രാമകൃഷ്ണനായിരുന്നു.വൈകിട്ട് മൂന്നരയ്ക്ക് സ്പീക്കർ എം.ബി.രാജേഷായിരുന്നു കേരളത്തിൽ നിന്ന് അവസാനമായി വോട്ട് ചെയ്തത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് പന്ത്രണ്ടിനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പതിനൊന്നരയ്ക്കും വോട്ടിട്ടു.പ്രതിപക്ഷ അംഗങ്ങൾ കൂട്ടമായി എത്തിയാണ് വോട്ട് ചെയ്തത്.നാലു മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി.