monkey-pox

 രോഗം ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഈ മാസം 13ന് ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയായ 31കാരനാണ് പോസിറ്റീവായത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.

നേരത്തെ രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശങ്ക കൂടുതൽ ജില്ലകളിലേക്ക് പടരുകയാണ്.

സംസ്ഥാനത്തെത്തിയ നാലംഗ കേന്ദ്രസംഘം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കൂടുതൽ കേസുകൾ ഉണ്ടാകാനിടയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ചു. പ്രതിരോധത്തിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും നൽകി.

സംസ്ഥാനത്ത് പരിശോധനയ്ക്ക് അനുമതി
സംസ്ഥാനത്തു തന്നെ മങ്കിപോക്‌സ് പരിശോധന നടത്താൻ കേന്ദ്രം അനുമതി നൽകി. കൂടുതൽ സാമ്പിളുകൾ പരിശോധിക്കേണ്ടി വരുമെന്നതുകൊണ്ടാണിത്. കേന്ദ്രസംഘം മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് അനുമതി. നിലവിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പുറമേ കൊവിഡ് പരിശോധനയ്ക്കായി സജ്ജമാക്കിയ 28 സർക്കാർ ലാബുകളിലും പരിശോധന നടത്തും. ആദ്യഘട്ടത്തിൽ പൂനെയിൽ നിന്നും ആലപ്പുഴ എൻ.ഐ.വിയിൽ ടെസ്റ്റ് കിറ്റുകൾ എത്തിച്ചാകും പരിശോധന.

എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്ക്

 അന്താരാഷ്ട്ര എയർപോർട്ടുകളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

 21ദിവസത്തിനിടെ വിദേശത്ത് നിന്നെത്തിയവർ സ്വയം നിരീക്ഷണം നടത്തണം

സംസ്ഥാനതല, ജില്ലാതല കൺട്രോൾ റൂമുകൾ തുടങ്ങി

 ലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്ക് മാറ്റാൻ പ്രത്യേക ആംബുലൻസ് സംവിധാനം