1

വിഴിഞ്ഞം: തലകീഴായി വിശ്രമം, നീന്തുമ്പോൾ നിവർന്നും. വിഴിഞ്ഞം മറൈൻ അക്വാേറിയത്തിലെ പുതിയ അതിഥിയായ ജെല്ലിഫിഷ് കാഴ്ചക്കാർക്ക് കൗതുകമാകുന്നു. സ്വർണവർണ നിറത്തിലുള്ള പത്തോളം ജെല്ലിഫിഷുകളാണ് വിഴിഞ്ഞം അക്വാേറിയത്തിലുള്ളത്. ചെറുമീനുകളെ ഭക്ഷിക്കുന്ന ഇവയ്ക്ക് പ്രകാശ സംശ്ലേഷണം വഴി സ്വയം ഭക്ഷണം പാകംചെയ്യാനും കഴിയും.

കേസിയോ പിയ എന്ന ശാസ്ത്രീയ നാമത്തിലറിയുന്ന ഇവ സമുദ്രത്തിന്റെ അടിത്തട്ടിൽ വിശ്രമിക്കുമ്പോൾ തലകീഴായിക്കിടക്കും. കുട പോലുള്ള ശരീരഭാഗവും അതിനടിയിലായി കാലുകളും കാണപ്പെടുന്ന ഇവ നീന്തുമ്പോൾ നിവർന്നാണ് സഞ്ചരിക്കുന്നത്.

ഇവയുടെ ശരീരത്തിൽ തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ അനുഭവപ്പെടും.ശരീരത്തിൽ നിന്ന് പ്രത്യേകതരം സ്രവം പുറപ്പെടുവിക്കുന്നതിനാൽ ഇത് മറ്റു മത്സ്യങ്ങൾക്ക് ഹാനികരമാണ്. അതിനാൽത്തന്നെ ഇവയെ പ്രത്യേക ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്.