വിഴിഞ്ഞം: ആഴിമലയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്ന് ബന്ധുക്കൾ ഉറപ്പിച്ച മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയ്‌ക്കുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 13ന് നിദ്രവിള തീരത്തടിഞ്ഞ മൃതദേഹത്തിൽ നിന്ന് തമിഴ്നാട് പൊലീസ് ശേഖരിച്ച സാമ്പിൾ ഇന്നലെ വിഴിഞ്ഞം പൊലീസ് ഏറ്റുവാങ്ങി.
കിരണിന്റെ മാതാപിതാക്കളിൽ നിന്ന് രക്തസാമ്പിളും ശേഖരിച്ചു. നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ( 7 ) കോടതിയുടെ അനുമതിയോടെ സാമ്പിളുകൾ ഇന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്‌ക്കായി അയയ്‌ക്കുമെന്ന് അന്വേഷണ ചുമതലയുള്ള വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി അറിയിച്ചു. കുളച്ചൽ പൊലീസ് ശേഖരിച്ച സാമ്പിളുകൾ തിരുനെൽവേലിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഫലം കിട്ടുന്നതനുസരിച്ച് ആശാരിപ്പള്ളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
പെൺ സുഹൃത്തിനെ കാണാൻ ഇക്കഴിഞ്ഞ ഒമ്പതിന് ആഴിമലയിലെത്തിയപ്പോഴാണ് കിരണിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കിരണിനെ മർദ്ദിച്ച പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സൂചനയുണ്ട്. അതേസമയം ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.