നെടുമങ്ങാട്: നഗര ശുദ്ധജല പദ്ധതി വിപുലീകരണവും പുനരുദ്ധാരണവും ഇന്ന് വൈകുന്നേരം 5 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.9.5 കോടി രൂപ മുടക്കിയാണ് നവീകരണം. നഗരത്തിലെ ശുദ്ധജല വിതരണത്തിനായി 1993 ൽ സ്ഥാപിച്ച പദ്ധതി കാലപ്പഴക്കം കാരണം പൂർണമായ തോതിൽ ഉല്പാദനം നടക്കുന്നില്ല.നാലു ഭാഗങ്ങളായാണ് പദ്ധതി വിപുലീകരിക്കുന്നത്.കളത്തറ,ശീമവിള,ഉഴപ്പാക്കോണം എന്നിവിടങ്ങളിലെ പഴയതും ശേഷി കുറഞ്ഞതുമായ പമ്പുകൾ മാറ്റി സ്ഥാപിക്കുകയും വൈദ്യുതീകരണ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്യും.ഇതിനായി 95 ലക്ഷം രൂപയാണ് ചെലവിടുന്നത്. രണ്ടാം ഭാഗമായി 2.37 കോടി രൂപ ചെലവഴിച്ച് പേരുമല ശുദ്ധീകരണ ശാലയുടെ വിപുലീകരണവും പുനരുദ്ധാരണവും നടത്തുന്നതോടൊപ്പം മറ്റ് മൂന്ന് പമ്പ് ഹൗസുകളുടെ നവീകരണവും നടത്തും. നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിലേയും പഴയ പെപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും. ഇതിനായി 4.57 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.നഗരസഭയിലെ ഉയരം കൂടിയ ചുടുകാട്ടിൻമുകൾ,കുറിഞ്ഞി മുകൾ എന്നിവിടങ്ങളിൽ വെള്ളമെത്തിക്കാൻ പ്രത്യേകം പമ്പുകൾ സ്ഥാപിച്ച് ലൈൻ ഇട്ട് ശീമമുള പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പ്രത്യേകം ടാങ്കുകൾ നിർമ്മിച്ച് കുടിവെള്ളം നൽകും.ഇതിനായി 1.12 കോടി രൂപയാണ് ചെലവിടുന്നത്. ഈ പദ്ധതിയുടെ പൂറത്തീകരണത്തോടൊപ്പം അമൃത് 2.0 പദ്ധതി പ്രകാരം നഗരസഭക്കായി സർക്കാർ അനുവദിച്ചിട്ടുള്ള 10.28 കോടിയുടെ പണികൾകൂടി കഴിയുേമ്പാൾ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നും ശ്രീജ പറഞ്ഞു.20 ന് വൈകുന്നേരം 5ന് പൂവത്തൂർ ജംഗ്ഷനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാകും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും.വാർത്താ സമ്മേളനത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി. ഹരികേശൻ, വസന്തകുമാരി വാട്ടർ അതോറിറ്റി അസി. എസിക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷ്ണചന്ദ് എന്നിവർ പങ്കെടുത്തു.