photo

നെടുമങ്ങാട്:കരകുളത്ത് ഗ്രാമീണ പശ്ചാത്തലത്തിൽ ഇരുനില വീടൊരുക്കി ആകർഷകമായി സി.പി.ഐ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ്. നാളെ മുതൽ 24 വരെ നെടുമങ്ങാട്ട് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥമാണ് ഗ്രാമീണ പശ്ചാത്തലത്തിൽ ഓല മേഞ്ഞ ഇരുനില വീടൊരുക്കി കരകുളത്തെ സി.പി.ഐ പ്രവർത്തകരുടെ വേറിട്ട മാതൃക. കരകുളം ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ക്രൈസ്റ്റ് നഗർ,വഴയില ബ്രാഞ്ചുകളിലെ പാർട്ടി മെമ്പർമാരും ചുമട്ടു തൊഴിലാളികളും ദിവസങ്ങളോളം പരിശ്രമിച്ചാണ് തെങ്ങോലയും കവുങ്ങും ഈറ്റയും കൊണ്ട് തെങ്കാശി - തിരുവനന്തപുരം അന്തർ സംസ്ഥാന പാതയുടെ ഓരത്തായി വഴയില ജംഗ്ഷനിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഇരുനില വീട് ഒരുക്കിയത്. വനിതകളും കൂട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പേരാണ് കാഴ്ചക്കാരായി ഇവിടെ എത്തുന്നത്. ജില്ലാ കൗൺസിൽ അംഗം കരകുളം വി. രാജീവ്,കരകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രാജപ്പൻ നായർ,എ.ഐ.ടി.യു.സി കൺവീനർ അനിൽ.എസ്,വഴയില ബ്രാഞ്ച് സെക്രട്ടറി വി.എസ്.രതീഷ്,ക്രൈസ്റ്റ് നഗർ ബ്രാഞ്ച് സെക്രട്ടറി എ.അനീഷ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.