കാട്ടാക്കട:പൂഴനാട് നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിന്റെ മുപ്പതാമത് വാർഷികാഘോഷം നാട്ടുണർവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 23ന് ഉദ്ഘാടനം ചെയ്യും. വാർഷികത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി സൗഹൃദ സായാഹ്നം അറിവരങ്ങ്,പൂമ്പാറ്റ ഫെസ്റ്റ്,അക്ഷരവിരുന്ന് രുചി മേളം,ഓലപ്പീപ്പി, വിവിധ സെമിനാറുകൾ ടൂർണമെന്റുകൾ എന്നിവ നടന്നുകഴിഞ്ഞു. ഇന്ന് വൈകിട്ട് എ.കെ.ആന്റണി.എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും. ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ അദ്ധ്യക്ഷത വഹിക്കും.

21ന് വൈകുന്നേരം 4.30ന് പടവുകൾ വനിതാ സമ്മേളനം.5.30ന് സാംസ്കാരിക സമ്മേളനവും ആദരസന്ധ്യയും. മലയാള മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.തുടർന്ന് ജനപ്രതിനിധികൾക്കുള്ള സ്വീകരണം. എം.എൽ.എ ഫണ്ടിൽനിന്ന് ഭാവനയ്ക്ക് അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ.എം.എൽ.എ നിർവഹിക്കും.നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ വിശിഷ്ടാതിഥിയായിരിക്കും. 22ന് വൈകിട്ട് 5.30ന് കേരളകൗമുദി ആദര സന്ധ്യ സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ,എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി. സ്റ്റീഫൻ,എം.വിൻസന്റ് ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രമുഖരും പങ്കെടുക്കും.തുടർന്ന് വിസ്മയ രാവ് വിവിധ കലാപരിപാടി.

23ന് വൈകിട്ട് നാലിന് ഭാവനയുടെ മുപ്പതാമത് വാർഷികത്തിന്റെ ഉദ്ഘാടനവും മൂന്നാമത് സ്നേഹ ഭാവനയുടെ തറക്കല്ലിടലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.ഡോ.ശശി തരൂർ.എം.പി അദ്ധ്യക്ഷതവഹിക്കും.സി.കെ.ഹരിന്ദ്രൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 5.30ന് ഫോക്ക് ലോർ അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രസീത ചാലക്കുടിയുടെ നാടൻപാട്ട്. വാർഷികാഘോഷത്തിന്റെ ഭാഗമായി നിരവധി പ്രതിഭകളെ ഭാവന ആദരിക്കും.