തിരുവനന്തപുരം: കടൽ മത്സ്യബന്ധനത്തിന് നൽകിവരുന്ന എല്ലാ സബ്സിഡികളും രണ്ടുവർഷത്തിനകം നിറുത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനവും കേന്ദ്രസർക്കാർ കൊണ്ടുവന്ന ബ്ലൂ എക്കോണമിയും മത്സ്യബന്ധന മേഖലയെ പൂർണമായും നശിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അഭിപ്രായപ്പെട്ടു.
തൊഴിലാളികളെ രക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്‌പെഷ്യൽ പാക്കേജ് പദ്ധതി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റായി പൂന്തുറ ജെയ്സൺ ചുമതല ഏൽക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആസ്റ്റിൻഗോമസ്, അഡോൾഫ് മൊറായിസ്, ഹെൻട്രി വിൻസെന്റ്, പനത്തുറ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.