
വെഞ്ഞാറമൂട്: ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവർ കിളിമാനൂർ സ്വദേശി അനന്ദു (25), രോഗിയോടൊപ്പം യാത്ര ചെയ്തിരുന്ന പാപ്പാല സ്വദേശി അമൽ (22) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട് ജംഗ്ഷനിലായിരുന്നു അപകടം.
തേമ്പാംമൂട് റോഡിൽ നിന്ന് വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കരുനാഗപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും കിളിമാനൂർ ഭാഗത്തു നിന്ന് രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.
കാർ ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗിയുമായി വന്ന ആംബുലൻസിൽ അഞ്ചുപേരും കാറിൽ രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിസാര പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങളിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.