തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വർക്കല ബൈപ്പാസ് പദ്ധതിക്ക് അനുമതി നൽകാമെന്ന് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട്. ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പാക്കാനുള്ള പഠനത്തിനായി നിയോഗിച്ച പ്ലാനറ്റ് കേരള സമർപ്പിച്ച ശുപാർശ പരിശോധിച്ച വിദഗ്ദ്ധ സമിതിയാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.

519.17 സെന്റ് ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത്. പദ്ധതിയുടെ ദുരിതമനുഭവിക്കുന്നവരുടെ ആഘാതവുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതി പൂർത്തീകരിക്കുന്നത് സമൂഹത്തിന് ഗുണകരമാണെന്നാണ് വിദഗ്ദ്ധസമിതിയുടെ വിലയിരുത്തൽ. സ്ഥലമേറ്റെടുപ്പും നഷ്ടപരിഹാര വിതരണവും പുനരധിവാസവും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ശുപാർശയുണ്ട്.

ഭൂമിയോ കെട്ടിടങ്ങളോ ഭാഗികമായി നഷ്‌ടപ്പെടുന്നവർക്ക് പുനർ നിർമ്മാണ മാനദണ്ഡങ്ങളിൽ ഇളവുകൾ നൽകാമെന്നും സമിതി ശുപാർശ ചെയ്‌തു. റിപ്പോർട്ട് പ്രകാരം 94 കുടുംബങ്ങളെ പദ്ധതി ബാധിക്കും.

ഗതാഗതക്കുരുക്കിന് പരിഹാരം

വർക്കലയുടെ വികസനത്തിന് പുത്തൻ ഉണർവേകുന്ന ബൈപ്പാസ് ശിവഗിരി മട്ടിന്മൂട് ജംഗ്ഷന് സമീപത്തു നിന്നാരംഭിച്ച് കണ്ണമ്പ റോഡിലെ സ്റ്റാർ തിയേറ്ററിന് സമീപം അവസാനിക്കുന്ന രീതിയിലാണുള്ളത്. വർക്കല നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് പദ്ധതി.

വർക്കല നഗരസഭയിലെ ചാലുവിള, കല്ലംകോണം, ചെറുകുന്നം, ശിവഗിരി വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. പരവൂർ, പാരിപ്പള്ളി ഭാഗത്തേക്കുള്ള യാത്രക്കാർക്കും ബൈപ്പാസ് ഉപയോഗിക്കാം. ശിവഗിരി തീർത്ഥാടന കാലത്തെ ടൗണിലെ തിരക്കിനും പരിഹാരമാകും. റെയിൽവേ ഗേറ്റ് അടയ്‌ക്കുമ്പോഴുള്ള ഗതാഗതക്കുരുക്കും ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. ഒന്നരക്കിലോമീറ്റർ നീളത്തിൽ 29.51 കോടി രൂപ ചെലവഴിച്ചാണ് ബൈപ്പാസിന്റെ നിർമ്മാണം.