general

ബാലരാമപുരം: തിരികെവിളിക്കാൻ കഴിയാത്തവിധം ഓർമ്മകൾ മങ്ങിത്തുടങ്ങിയ മോഹനൻ നായരുടെ മുഖം മോഹൻലാൽ എന്നു കേട്ടാൽ പ്രസന്നമാവും. 28 വർഷം കുടുംബത്തിന്റെ സഹചാരിയായിരുന്നതിന്റെ തിളക്കം.

ലാലിന്റെ പിതാവ് വിശ്വനാഥൻനായരുടെ ഡ്രൈവറായാണ് പള്ളിച്ചൽ പാരൂർക്കുഴി മണ്ണാറക്കൽവിള വീട്ടിൽ മോഹനൻ നായർ മുടവൻമുഗളിലെ വസതിയിലെത്തിയത്. പിന്നീട് ലാലിന്റെ സിനിമായാത്രകളുടെ ഭാഗമായി.

ഷൂട്ടിംഗ് സെറ്റിൽ എത്തിക്കുന്നതും തിരികെ വീട്ടിൽ എത്തിക്കുന്നതും മോഹനൻ നായർ ആയിരുന്നു. ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ തന്റെ മടിയിൽ തലചായ്ച് ഉറങ്ങിയതും അദ്ദേഹം ഓർമ്മിക്കുന്നു. തന്റെ പരിചയത്തിലുള്ള പള്ളിച്ചൽ പാരമ്പര്യമർമ്മകളരിയിൽ കളരി അഭ്യസിക്കാൻ കൂട്ടിക്കൊണ്ടുപോയതും മോഹനൻ നായരായിരുന്നു.എട്ടുവീട്ടിൽ പിള്ളമാരിലൊരാളായ പള്ളിച്ചൽ പിള്ളയുടെ പിൻതലമുറക്കാരനാണ് മോഹനൻ നായർ.

ലാലിന്റെ സുഹൃത്തുക്കളായ എം.ജി. ശ്രീകുമാറും പ്രിയദർശനും​ ജഗദീഷും നിർമ്മാതാവ് സുരേഷ്‌കുമാറുമൊക്കെ വീട്ടിൽ എത്തി സൗഹൃദം പങ്കിട്ടിരുന്നതും 82ാം വയസിലും ലാലിന്റെ ബഡാ ഡ്രൈവറുടെ മങ്ങിയ ഓർമ്മയിലുണ്ട്.

ആന്റണി പെരുമ്പാവൂരിനെ ലാലുമായി സൗഹൃദത്തിലാക്കിയതും മോഹനൻ നായരാണ്.ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്കൊപ്പം ടൈഫോയിഡും ഭാഗികമായി പക്ഷാഘാതവും വന്നുപെട്ടതോടെയാണ് ആന്റണി പെരുമ്പാവൂർ ആ റോളിലേക്കെത്തിയത്.

പഴയകാലത്തെ അംബാസഡർ കാറിന്റേതടക്കമുള്ള താക്കോൽകൂട്ടം ആന്റണി പെരുമ്പാവൂരിനെ ഏൽപ്പിച്ച് മടങ്ങുമ്പോൾ വല്ലാത്ത ഹൃദയഭാരമായിരുന്നു.ലാലിനെ വേർപിരിയുന്നിതിലുള്ള ദുഃഖം അത്രയ്ക്കുണ്ടായിരുന്നു.

അന്ന് പോകാൻ കഴിഞ്ഞില്ല

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ചിത്രീകരണത്തിന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള വെടിവെച്ചാൻകോവിൽ ഭഗവതിനട ബംഗ്ലാവിൽ ലാൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞെങ്കിലും ദേഹാസ്വാസ്ഥ്യം കാരണം പോയി കാണാൻ കഴിഞ്ഞില്ല. പിതാവ് ഇലങ്കത്ത് വീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവും മരിച്ചപ്പോൾ ലാലും കുടുംബവുമെത്തിയിരുന്നു. മൂന്ന് പെൺമക്കളുടെയും മകന്റെയും വിവാഹം കഴിഞ്ഞ് ഭാര്യ വിജയകുമാരിയോടൊപ്പം വീട്ടിൽ വിശ്രമത്തിലാണ് മോഹനൻ നായർ. `കഥപറയുമ്പോൾ' എന്ന സിനിമയിൽ മമ്മൂട്ടി ശ്രീനിവാസനെ തേടിയെത്തിയപോലെ ചേട്ടാ എന്ന വിളിയുമായി താരരാജാവ് എത്തിയാൽ, അതിൽ അത്ഭുതമില്ല.