തിരുവനന്തപുരം: പട്ടികജാതി വനിതാ സംഘങ്ങൾക്കായി നടപ്പിലാക്കിയ സ്വയംതൊഴിൽ വായ്‌പാ പദ്ധതിയിൽ നടന്നത് ഗുരുതരമായ ക്രമേക്കേടെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച് നഗരസഭയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വ്യവസായ വകുപ്പിന്റെ വകുപ്പുതല അന്വേഷണവും ഇതോടൊപ്പമുണ്ടാകും. വ്യാജ ജാതി സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
സംശയം തോന്നി തഹസീൽദാർ ഓഫീസിലേക്ക് തിരികെ അയച്ച 17 സർട്ടിഫിക്കറ്റുകളും വ്യാജമെന്ന് കണ്ടെത്തിയതായി മേയർ പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെടാത്തവർക്കും ആനുകൂല്യം നൽകിയിട്ടുണ്ട്. 2019-20, 2020-21 വർഷത്തെ സബ്‌സിഡി തുകയായ 1.26 കോടി രൂപ പട്ടം സർവീസ് സഹകരണ ബാങ്കിലേക്കാണ് പോയത്. മുഴുവൻ തുകയും ഒരു ബാങ്കിലേക്ക് പോയത് സംശയാസ്‌പദമാണ്. അന്വേഷണം ആരംഭിച്ചതിനാൽ ഇതേക്കുറിച്ച് കൂടുതൽ പറയുന്നില്ലെന്നും മേയർ വ്യക്തമാക്കി.
അപേക്ഷ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട ചുമതല വ്യവസായ എക്സ്റ്റൻഷൻ ഓഫീസർക്കാണ്. തട്ടിപ്പ് നടത്തിയ കാലയളവിലെ ഓഫീസർ സ്ഥലം മാറിപ്പോയി. ജനറൽ വിഭാഗത്തിലെ വായ്‌പാ സബ്‌സിഡിയും പരിശോധിച്ചുവരികയാണ്. തട്ടിപ്പിന്റെ വിശദാംശം, ബാങ്കിന്റെയും വ്യവസായ വകുപ്പ് ഓഫീസറുടെയും പങ്ക് തുടങ്ങിയ കാര്യങ്ങൾ തുടരന്വേഷണത്തിലേ വ്യക്തമാകൂ.
മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പ് നടന്ന തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുകയാണ്. ഇതിനൊപ്പം പുതിയ കേസും ഉൾപ്പെടുത്തി അന്വേഷിക്കണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചെന്നും മേയർ പറഞ്ഞു.