p

തിരുവനന്തപുരം: അടിയന്തര സഹായമായി 50 കോടി രൂപ നൽകണമെന്നഭ്യർത്ഥിച്ച് കെ.എസ്.ആർ.ടി.സി ധനവകുപ്പിനെ സമീപിച്ചു. നേരത്തെ 65 കോടി രൂപയുടെ ധനസഹായം അഭ്യർത്ഥിച്ച് അയച്ച കത്ത് ധനവകുപ്പ് തള്ളിയിരുന്നു. മാസം പകുതി പിന്നിട്ടിട്ടും ശമ്പളം നൽകാൻ വഴികാണാത്തതിനെ തുടർന്നാണ് വീണ്ടും ധനവകുപ്പിനെ സമീപിച്ചത്. തിങ്കളാഴ്ച നൽകിയ കത്തിന് ധനവകുപ്പ് ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. കത്ത് നിഷേധിക്കാത്തതിനാൽ ശുഭപ്രതീക്ഷയാണ് കെ.എസ്.ആർ.ടി.സിക്ക്

50 കോടി രൂപ ലഭിച്ചാൽ ഉടൻ ശമ്പളം വിതരണം തുടങ്ങും. 10 കോടി രൂപ ഒ.ഡി എടുത്തും ബാക്കി ചെവുകൾ മാറ്റി വച്ചും 80 കോടി കണ്ടെത്തിയാകും ശമ്പളം വിതരണം. മുഴുവൻ തുകയും ലഭ്യമായാൽ എല്ലാ ജീവനക്കാർക്കും ഒരുമിച്ച് ശമ്പളം നൽകും. അല്ലെങ്കിൽ ഡ്രൈവർ,​ കണ്ടക്ടർ,​ മെക്കാനിക്കൽ ജീവനക്കാർക്ക് ആദ്യവും മറ്റ് ജീവനക്കാർക്ക് തുടർന്നുള്ള ദിവസങ്ങളിലുമാവും.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് പട്ടിണിമാർച്ച്

ശമ്പള വിതരണത്തിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണിമാർച്ച് നടത്തും. കെ.എസ്.ആർ.ടി.സി ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മാർച്ച് രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് അദ്ധ്യക്ഷത വഹിക്കും.