കോവളം : വിഴിഞ്ഞം തിയറ്റർ ജംഗ്ഷന് സമീപം ജനങ്ങളെ ദുരിതത്തിലാക്കി ദുർഗന്ധം വമിപ്പിച്ച് ഓടയിൽ കെട്ടിക്കിടന്ന മാലിന്യ കൂമ്പാരം നീക്കം ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസഹ്യ ദുർഗന്ധത്താേടെ കെട്ടിക്കിടന്ന മാലിന്യം സമീപവാസികളിലും കാൽനടയാത്രക്കാരിലും പകർച്ചവ്യാധി ഭീതി പരത്തിയിരുന്നു. തുടർന്ന് പഞ്ചായത്തംഗം സുഗന്ധി മോഹനന്റെയും സാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി പി.ഡബ്ളിയു.ഡി അധികൃതർ എത്തി ജെ.സി.ബി.ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുകയായിരുന്നു. ഓടയുടെ ഒരു ഭാഗം അടഞ്ഞ് ഒഴുക്ക് നിലച്ചതാണ് മാലിന്യം കെട്ടിക്കിടക്കാൻ കാരണമെന്ന് പി. ഡബ്ളിയു.ഡി അധികൃതർ അറിയിച്ചു.