p

തിരുവനന്തപുരം: സംസ്ഥാനത്തെ 20ഒാളം ക്വാറി/മെറ്റൽ ക്രഷർ യൂണിറ്റുകളിൽ ജി.എസ്.ടി.വകുപ്പ് രഹസ്യവിവരത്തെ തുടർന്നു നടത്തിയ 'ഓപ്പറേഷൻ പൃഥ്വി' പരിശോധനയിൽ 2.17 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

പല സ്ഥാപനങ്ങളും യഥാർത്ഥ വിറ്റുവരവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് റിട്ടേണുകളിൽ വെളിപ്പെടുത്തിയിരുന്നത്. ചില സ്ഥാപനങ്ങൾ നികുതി അടച്ചതിന്റെ രണ്ടിരട്ടി വരെ വെട്ടിപ്പ് നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി . അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കൽ, ക്വാറി ഉത്പന്നങ്ങൾ എത്തിച്ചു നൽകുന്നതിന് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന വാഹന വാടകയിന്മേലുള്ള നികുതി വെട്ടിക്കൽ തുടങ്ങി നിരവധി വെട്ടിപ്പുകളും പരിശോധനയിൽ കണ്ടെത്തി.
നികുതി മുൻകൂട്ടി കണക്കുകൂട്ടി ഒരുമിച്ച് നൽകുന്ന കോമ്പൗണ്ടിംഗ് രീതിയാണ് മിക്കവാറും ക്വാറികൾ അനുവർത്തിച്ചിരുന്നത്. ഇൗ സാധ്യത ദുരുപയോഗം ചെയ്ത് തെറ്റായ കണക്കു കാണിച്ച് നികുതി കുറച്ച് അടച്ചുപോരുന്ന സ്ഥാപനങ്ങളും പരിശോധനയിൽ കുടുങ്ങി.
ക്വാറി/മെറ്റൽ ക്രഷർ മേഖലയിലെ പരിശോധനകൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു .