തിരുവനന്തപുരം: ഊട്ടിയിൽ ഭൂമി വിറ്റശേഷം മടങ്ങിവരവെ നെവിൽ തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ മരിച്ചത് വിശ്വസിക്കാൻ ഇപ്പോഴും കുന്നുകുഴി നിവാസികൾക്കായിട്ടില്ല. കുന്നുകുഴിയിലെ ഓട്ടോ ഡ്രൈവർമാർക്കും കടക്കാർക്കുമെല്ലാം സുപരിചിതനാണ് നെവിൽ. ഏറെക്കാലം അബുദാബിയിൽ ജോലി നോക്കിയിരുന്ന ഇയാൾ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. തലസ്ഥാന നഗരത്തിലെ ധാരാളം കെട്ടിടങ്ങൾക്കും വീടുകൾക്കും പിന്നിൽ നെവിലിന്റെ കരങ്ങളുണ്ട്. നെവിലിന് ഊട്ടിയിൽ ഭൂമിയുളള വിവരം ബന്ധുക്കളിൽ പലർക്കും അറിയില്ല. ഒപ്പം പോയ സുഹൃത്തുക്കൾ ആരൊക്കെയാണെന്നത് സംബന്ധിച്ചും വിവരമില്ല. അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ സമയത്താണ് ഭൂമി വാങ്ങിയതെന്നാണ് ചില ബന്ധുക്കൾക്കെങ്കിലും ആകെ അറിയാവുന്നത്. ഇന്നലെ രാത്രിയോടെ തന്നെ ബന്ധുക്കൾ ധർമ്മപുരിയിലേക്ക് തിരിച്ചു. മരണത്തിൽ ആരെയും സംശയമില്ലെന്നും കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്‌ക്ക് പറയാമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. നെവിലിന്റെ സഹോദരൻ ബെവിൻ ഡി.സി.സി മെമ്പറും കുന്നുകുഴിയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവുമാണ്.