തിരുവനന്തപുരം:നഗരസഭയിലെ കെട്ടിടനമ്പർ ക്രമക്കേടിനെതിരെയും എസ്‌.സി ഫണ്ട് തട്ടിപ്പിനെതിരെയും ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കവാടത്തിൽ ആരംഭിച്ച സൂചനാ സമരം സംഘർഷത്തിന് വഴിയൊരുക്കി. മുതിർന്ന കൗൺസിലർമാരെയും വനിതാ കൗൺസിലർമാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇന്നലെ രാവിലെയാണ് ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിലാണ് 48 മണിക്കൂർ സൂചനാസമരം ആരംഭിച്ചത്.ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്തത്. നഗരസഭാ കവാടത്തിൽ സമരം ചെയ്യാൻ അനുവദിക്കില്ലെന്നും സമരം അവസാനിപ്പിക്കണമെന്നും ബി.ജെ.പി നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു.
എന്നാൽ യാതൊരു കാരണവശാലും സമരം മാറ്റില്ലെന്നും നിശ്ചയിച്ച സ്ഥലത്ത് തന്നെ സമരം തുടരുമെന്നും ബി.ജെ.പി നേതാക്കൾ അറിയിക്കുകയായിരുന്നു.വൈകിട്ട് ഏഴരയോടെ വീണ്ടും പൊലീസെത്തി സമരം പുറത്തേക്ക് മാറ്റണമെന്നും അല്ലെങ്കിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.രണ്ട് ആവശ്യങ്ങളും അംഗീകരിക്കാൻ ബി.ജെ.പി നേതാക്കൾ തയ്യാറായില്ല.തുടർന്ന് മ്യൂസിയം സി.ഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.സംഭവം അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകരും നഗരസഭയിലേക്ക് എത്തി. നിരവധി തവണ ബി.ജെ.പി നേതാക്കൾ പൊലീസുമായി ചർച്ച നടത്തിയെങ്കിലും നഗരസഭാ കവാടത്തിൽ സമരം തുടരാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തു. തുടർന്ന് ബി.ജെ.പിയുടെ സമരപ്പന്തലിലേക്ക് കയറിയ പൊലീസ് ആദ്യം പി.ടി.പി വാർഡ് കൗൺസിലർ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു.ഇത് തടയാൻ മറ്റ് കൗൺസിലർമാരും ശ്രമിച്ചു.ഇതോടെ കൗൺസിലർമാരും പൊലീസുമായുള്ള പിടിവലിക്കിടെ ഗിരികുമാറിനെ നഗരസഭാ വളപ്പിലൂടെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി.
ഗിരികുമാറിനെ നഗരസഭാ വളപ്പിലൂടെ വലിച്ചിഴച്ചത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി.അറസ്റ്റ് ചെയ്ത കൗൺസിലർമാരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. പിന്നീട് ജാമ്യത്തിൽ വിട്ടു.അറസ്റ്റ് മേയറുടെ നിർദ്ദേശപ്രകാരമാണെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡർ എം.ആർ. ഗോപൻ ആരോപിച്ചു.