
ന്യൂഡൽഹി: കൊല്ലം ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതിയ നൂറോളം വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവത്തിൽ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ സാന്നിദ്ധ്യത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുകൂടാതെ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) മന്ത്രി റിപ്പോർട്ടും തേടിയിട്ടുണ്ട്. 
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജെബിമേത്തർ എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, എൻ.ടി.എ മേധാവി എന്നിവർക്ക് കത്ത് നൽകി. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, ഹൈബി ഈഡൻ, രമ്യഹരിദാസ് തുടങ്ങിയവർ വിഷയം പാർലമെന്റിലും ഉന്നയിച്ചു.
സംഭവം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ
ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതി തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നും കാട്ടി കൊല്ലം കോ-ഓർഡിനേറ്റർ, നിരീക്ഷകൻ, പരീക്ഷാ കേന്ദ്രം സൂപ്രണ്ട് എന്നിവർ എൻ.ടി.എയ്ക്ക് കത്ത് നൽകി. അതേസമയം, തങ്ങൾക്ക് ഇതുസംബന്ധിച്ച ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് എൻ.ടി.എ ആദ്യം അറിയിച്ചെങ്കിലും സമ്മർദ്ദത്തെത്തുടർന്ന് അന്വേഷണത്തിന് കമ്മിറ്റിയെ രൂപീകരിച്ചു. ഇത്തരം നടപടികൾ ഡ്രസ് കോഡിന്റെ ഭാഗമല്ലെന്നും വ്യക്തമാക്കി.