photo

കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോകിന്റെ സ്ഥാനചലനം ആരെ സഹായിക്കാനാണെങ്കിലും ബോർഡിനും നാടിനും തീരാനഷ്ടമാണ്. ആത്മാർത്ഥതയോടും ആർജ്ജവത്തോടും കഠിനാദ്ധ്വാനത്തോടും കൂടി പ്രവർത്തിച്ച് ബോർഡിനെ നഷ്ടത്തിൽ നിന്നും മോശമായ തൊഴിൽസംസ്കാരത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച്, ഏറക്കുറെ വിജയിച്ചപ്പോഴാണ് പെട്ടെന്നുള്ള ഈ സ്ഥാനചലനം. ഗവൺമെന്റ് സർവീസിൽ ആത്മാർത്ഥതയ്ക്കും കഠിനാദ്ധ്വാനത്തിനും നീതിക്കും സ്ഥാനമില്ലെന്ന ചില മുതിർന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിവയ്ക്കുന്നതല്ലേ ഇത്തരം പ്രവൃത്തികൾ.

പൊതുമേഖലാ സ്ഥാപനങ്ങളിലെ മേധാവികൾക്ക്, മറ്റ് തെളിയിക്കപ്പെട്ട കുറ്റങ്ങളോ കുറവുകളോ ഇല്ലെങ്കിൽ, കുറഞ്ഞത് രണ്ടുവർഷം കഴിയാതെ സ്ഥാനചലനം ഉണ്ടാകരുതെന്ന് നിഷ്‌കർഷിക്കേണ്ടതാണ്. ഇത്തരം സ്ഥാനചലനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ തീരുമാനം സഹായിക്കും. ഇക്കാര്യത്തിൽ ശക്തമായ പൊതുജനാഭിപ്രായം സ്വരൂപിക്കേണ്ടത് സാംസ്കാരിക നായകന്മാരുടെയും സാഹിത്യകാരന്മാരുടെയും മാദ്ധ്യമ പ്രവർത്തകരുടേയും മറ്റ് പ്രൊഫഷണലുകളുടെയും കടമയാണ്.

എം. ശിവദാസ്

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് മാനേജ്‌മെന്റ് രക്ഷാധികാരി