തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ ബംഗളൂരു നിംഹാൻസ് മാതൃകയിൽ ദേശീയ നിലവാരത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ടാക്കി മാറ്റുന്നത് പരിഗണനയിലാണെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഇതിന് സമയബന്ധിതമായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. സെല്ലുകൾക്ക് പകരം ബിഹേവിയറൽ ഐ.സി.യു അടക്കം പരിഗണനയിലുണ്ട്. 531കിടക്കകളുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ ശരാശരി 700അന്തേവാസികളെ ചികിത്സിക്കുന്നുണ്ട്. 389തസ്തികകളാണുള്ളത്. അധിക തസ്തികകൾ അനുവദിക്കുന്നത് പരിഗണനയിലാണ്. രോഗമുക്തരാവുന്നവരെ കുടുംബങ്ങൾ സ്വീകരിക്കാത്തതിനാൽ അവരുടെ പുനരധിവാസവും സർക്കാരിന്റെ ചുമതലയാണെന്ന് വി.കെ.പ്രശാന്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.