vld-1

വെള്ളറട: മലയോരത്തെ റോഡുകൾ തകർന്നതോടെ ദുരിതത്തിലായത് ഇതുവഴിയുള്ള യാത്രക്കാരാണ്. വെള്ളറട പഞ്ചായത്തിൽ ഉൾപ്പെട്ട ആറാട്ടുകുഴി - കലിങ്കുനട റോഡ് പൂർണമായും തകർന്നനിലയിലാണ്. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതുകാരണം ഇരുചക്രവാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. സ്ഥിരമായി ഇതുവഴി യാത്രചെയ്താൽ നട്ടെല്ലിന് തകരാർ സംഭവിക്കുന്ന അവസ്ഥയിലാണ്. മാസങ്ങളായി റോഡ് തകർന്നിട്ട്. ശക്തമായ മഴയിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴികളിൽ അകപെട്ട് ഇരുചക്രവാഹന അപകടങ്ങളും പതിവാണ്. റോഡിൽ ശരിയായ രീതിയിൽ ഓടയില്ലാത്തതും വീടുകളിൽ നിന്നും മലിനജലം റോഡിൽ ഒഴുക്കിവിടുന്നതും റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. നൂറുകണക്കിന് ചരക്കു കയറ്റിവരുന്ന വാഹനങ്ങൾ ഈ റോഡുവഴിയാണ് പ്രധാന റോഡുകളിലേക്ക് പോകേണ്ടത്. മിക്കപ്പോഴും ചരക്കുവാഹനങ്ങൾ കുഴികളിൽ വീഴുന്നതിനാൽ ഡ്രൈവർമാർ ഏറെ കഷ്ടപ്പെടുകയാണ്.
ഏതാനും ആഴ്ചകൾക്കുമുമ്പ് പൊട്ടിപ്പൊളിഞ്ഞുകിടന്ന നെടുമങ്ങാട് - കന്യാകുമാരി റോഡിൽ ആനപ്പാറ മുതൽ കടുക്കറവരെ പഞ്ചർ ഒട്ടിച്ചുവെങ്കിലും ശക്തമായ മഴയിൽ ഒട്ടിപ്പെല്ലാം ഒലിച്ചുപോയി. ഈ റോഡും വീണ്ടും തകർന്നുകിടക്കുകയാണ്. വർഷങ്ങളായി തകർന്നു കിടക്കുന്ന ആനപ്പാറ കടുക്കറ റോഡ് പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തു. കരാർ എടുത്തയാൾ യഥാസമയം നന്നാക്കാതെ പഞ്ചർ ഒട്ടിച്ചതാണ് ഇപ്പോൾ വീണ്ടും റോഡ് തകരാൻ ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്. ഈ റോഡുകൾ വഴിയുള്ള കാൽനടയാത്രക്കാരുടെ ദുരിതം ഏറെയാണ്.