തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയിലെ ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണിമാർച്ച് നടത്തി.തുടർച്ചയായി ശമ്പളം മുടങ്ങുന്നതിനെതിരെയുള്ള തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടേയും രോഷ പ്രകടനമായി മാർച്ച് മാറി.
കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്) ന്റെ നേതൃത്വത്തിൽ രാവിലെ 10.30ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പട്ടിണിമാർച്ചിൽ വനിതകൾ ഉൾപ്പെടെ 1500ലേറെ പേർ പങ്കെടുത്തു.മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് പട്ടിണിമാർച്ച് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.ബി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാർ, വൈസ് പ്രസിഡന്റ് ആർ.എൽ ബിജുകുമാരൻ നായർ, സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്,എം.ആർ. രമേഷ് കുമാർ, പ്രദീപ് വി. നായർ, എൻ.എസ്. രണജിത്, കെ.എൽ.യമുനാ ദേവി, എസ്.ദിവ്യ, ഗോവിന്ദ് ആർ. തമ്പി, സതികുമാർ,എന്നിവർ മാർച്ചിന് നേതൃത്വം നൽകി.