
കോവളം: പണി തീരാത്ത മുക്കോല - കാരോട് ബൈപ്പാസിലെ പ്രധാന കവാടമായ കോവളം ജംഗ്ഷനിൽ റോഡ് തുറന്ന് നൽകാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ജനരോക്ഷം ശക്തം. രണ്ട് വർഷത്തിന് മുൻപ് പിഞ്ചുബാലികയടക്കം രണ്ട് പേർ അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് കോവളം പൊലീസ് റോഡ് അടച്ചത്. ആഴാകുളം - വിഴിഞ്ഞം റോഡിലേക്കും, കോവളം ബീച്ചിലേക്കും പോകുന്നതുമടക്കം എട്ട് അനുബന്ധ റോഡുകളാണ് കോവളം ജംഗ്ഷനിലുള്ളത്. ഇവിടെ നിന്നും മൂന്നരക്കിലോമീറ്റർ അകലെയാണ് തിരുവല്ലത്തെ ടോൾ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയാക്കാതെ നടത്തി വരുന്ന ടോൾ പിരിവിനെതിരെ അടുത്തിടെ ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉടൻ റോഡ് തുറന്ന് നൽകാൻ അധികൃതരോട് കോടതി നിർദ്ദേശം നൽകിയത്.
കോവളം ജംഗ്ഷനിൽ നിന്ന് പോറോഡ് - കല്ലുവെട്ടാൻകുഴി വരെയുള്ള റോഡ് നിർമ്മാണം പൂർത്തീകരിച്ചെങ്കിലും 4 കിലോമീറ്റർ അകലെയുള്ള പുന്നക്കുളത്ത് റോഡ് അവസാനിക്കും. ഇവിടെ
പാലങ്ങളുടെ പണി ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.
കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോവളം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് രണ്ട് മാസത്തിനകം റോഡ് തുറന്ന് നൽകാനും ദിശാ ബോർഡുകൾ സ്ഥാപിക്കുവാനും ബൈപാസ് അധികൃതർ നീക്കം തുടങ്ങിയിരുന്നു. ഇതിന് മുന്നോടിയായി അടുത്തിടെ ദേശീയപാത അതോറിട്ടിയുടെയും ട്രാഫിക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോവളം ജംഗ്ഷനിലെത്തി ഇതുവഴിയുള്ള വാഹനങ്ങളുടെ തിരക്കും എണ്ണവും പരിശോധിച്ചിരുന്നു.
കോവളം ജംഗ്ഷൻ തുറന്ന് കൊടുത്താൽ അരക്കിലോമീറ്റർ അകലെയുള്ള ബൈപാസിൽ വന്ന് കയറുന്ന ആഴാകുളം - പെരുമരം റോഡിൽ അപകടം പതിവാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സർവീസ് റോഡിലൂടെ ബൈപാസിൽ കയറുന്ന ഇവിടെ വൻ അപകടത്തിന് കാരണമാകും. കാരോട് വരെയുള്ള റോഡ് നിർമ്മാണം പൂർത്തികരിച്ചതിനു ശേഷം കോവളം ജംഗ്ഷൻ തുറന്ന് നൽകിയാൽ മതിയെന്നാണ് കോവളം നിവാസികളുടെ ആവശ്യം.