
ഉദിയൻകുളങ്ങര: ആറരക്കിലോ കഞ്ചാവുമായി ആര്യങ്കോട് പെരെക്കോണം ഈഴക്കോണം കോളനിക്കു സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ സതികുമാർ (40) പിടിയിൽ. കഴിഞ്ഞ ദിവസം റെയിൽവേ ജീവനക്കാരനും സതികുമാറിന്റെ സമീപവാസിയും സുഹൃത്തുമായ സനൽ ആന്ധ്രാപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ഇരുവരുമായി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കടത്തിക്കൊണ്ടുവരവേ ആര്യങ്കോട് തേന്നാട് വച്ചു നാർക്കോട്ടിക് സെൽ രഹസ്യവിഭാഗം എസ്.ഐ ഷിബുകുമാറിന്റെയും എ.എസ്.ഐ സുനിൽ ലാൽ, സി.പി.ഒമാരായ അലക്സ്, ശ്രീനാഥ് വിജേഷ്, സതികുമാർ എന്നിവരുടെ സംഘം പിടികൂടുകയായിരുന്നു. അധികൃതർ ഓട്ടോ തടഞ്ഞു പരിശോധിക്കുന്നതിനിടയിൽ റെയിൽവേ ജീവനക്കാരനായ സനൽ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രതിയെ ആര്യങ്കോട് സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐ ആർ.രാജേഷ് എന്നിവർക്കു കൈമാറി. ഓടിപ്പോയ സനലിനു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായി ആര്യൻങ്കോട് പൊലീസ് പറഞ്ഞു.