തിരുവനന്തപുരം: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി.ജോണിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. എളമരം കരീമിന്റെ പരാതിയിലാണിത്. ടി.വി ചാനൽ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂർവം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി. ജോൺ പ്രവർത്തിച്ചുവെന്നാണ് എഫ്.ഐ.ആർ. ഐ.പി.സി.യിലെ 107, 118, 504, 506 എന്നീ വകുപ്പുകളും കെ.പി ആക്ടിലെ 120 ഒയും ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ചിലത് ജാമ്യമില്ലാ വകുപ്പുകളാണ്. മാർച്ച് 28ന് രാത്രി 8നും 9നും ഇടയ്ക്കാണ് ഈ കുറ്റകൃത്യം നടന്നതെന്നും,​ പരാതി ലഭിച്ചത് ഏപ്രിൽ 28ന് രാവിലെ 10.30നാണെന്നും എഫ്.ഐ ആറിൽ വ്യക്തമാക്കുന്നു. വിനു കേസിനെ കുറിച്ചറിയുന്നത് പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസ് നിരസിച്ചപ്പോഴാണ്. അഖിലേന്ത്യാ പണിമുടക്കിനോടുനുബന്ധിച്ച് കേരളത്തിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകിട്ടത്തെ ന്യൂസ് അവർ അവതരിപ്പിച്ചപ്പോൾ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയായ എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തന്നാണ് പരാതി.