തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിഖ്യാത ചിത്രം സ്വയംവരത്തിന്റെ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മധു ഇറവങ്കര സംവിധാനം ചെയ്യുന്ന 'ദി ജേർണി സ്വയംവരം അറ്റ് ഫിഫ്ടി' എന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോൺ കർമ്മം മുൻ ചീഫ് സെക്രട്ടറിയും കവിയും എ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ നിർവഹിച്ചു.അടൂരിന്റെ ആക്കുളത്തെ വസതിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രകാരൻ എം.എഫ്.തോമസ് ദീപംകൊളുത്തി.ആദ്യ ക്ലാപ്പടിച്ചത് ബേബി മാത്യു സോമതീരമാണ്.അടൂർ ഗോപാലകൃഷ്ണൻ, സംവിധായകൻ മധു ഇറവങ്കര,ഡോ. എൻ.കെ.പി നായർ, ജോൺ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു. സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ ഡോക്യുമെന്ററിക്ക് പ്രവീൺ പണിക്കരാണ് ക്യാമറ.മലയാള സിനിമയുടെ ചരിത്രം മാറ്റിയ 'സ്വയംവര'ത്തിന് ആദരമേകിയാണ് ഡോക്യുമെന്ററി ഒരുക്കുന്നത്. മലയാള സിനിമയിൽ സ്വയംവരം ഉണ്ടാക്കിയ മാറ്റങ്ങളും ഒരു മണിക്കൂറോളം നീളുന്ന ഡോക്യുമെന്ററി ചർച്ച ചെയ്യും.