തിരുവനന്തപുരം:വർക്കല പാപനാശം മുതൽ വെറ്റക്കം വരെ നാലു കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന വർക്കല ക്ലിഫിലെ മണ്ണിടിച്ചിൽ തടഞ്ഞ് കുന്നുകളെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നതിന് ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിനു വേണ്ടി മന്ത്രി കെ.രാജൻ നിയമസഭയിൽ അറിയിച്ചു. ഇത്രയും ഉയരമുള്ള കുന്നുകളെ സംരക്ഷിക്കാൻ സംരക്ഷണ ഭിത്തിയോ, കോൺക്രീറ്റ് റീട്ടെയിനിംഗ് വാൾ പോലുള്ളവയോ അപ്രായോഗികമാണ്. കൂടാതെ ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ ഭൗമപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള വർക്കലയിലെ ഈ കുന്നുകളിൽ 'വർക്കല ഫോർമേഷൻ' എന്ന ലാറ്ററൈറ്റാണ് കാണപ്പെടുന്നത്.കുന്നുകളും കടലും ചേർന്ന് നിൽക്കുന്ന കാഴ്ച വർക്കലയിൽ അല്ലാതെ ഇന്ത്യയിൽ ഒരിടത്തും കാണാനാവില്ല. കേന്ദ്രസ്ഥാപനത്തിന്റെ പഠന റിപ്പോർട്ട് ലഭ്യ മാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിയ്ക്കായി സമർപ്പിക്കുമെന്ന് വി.ജോയിയുടെ സബ്മിഷന് മറുപടി നൽകി.