photo

നെടുമങ്ങാട്: നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം കുടിവെള്ള കണക്ഷൻ നൽകിയതായി പറഞ്ഞു. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2026 ഓടെ കേരളത്തിലെ എല്ലാവീടുകളിലും കുടിവെള്ള കണക്ഷൻ നൽകുമെന്നും അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ വകുപ്പിന് കീഴിൽ നടന്നു വരുന്നതായും മന്ത്രി അറിയിച്ചുമന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. അമ്പലമുക്കിൽ കൊല്ലപ്പെട്ട വിനീതയുടെ മക്കൾക്ക് പുതുക്കിയ എ.എ.വൈ കാർഡ് ചടങ്ങിൽ മന്ത്രി കൈമാറി.നെടുമങ്ങാട്‌ നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ,വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ,നഗരസഭ കൗൺസിലർമാർ,നഗരസഭ - ജല അതോറിട്ടി ഉദ്യോഗസ്ഥർ,സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.

സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 9.50 കോടി ചെലവഴിച്ചാണ് നെടുമങ്ങാട്‌ നഗര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാപരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധ ജലമെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ പൂവത്തൂർ,പേരയത്തുകോണം,പരിയാരം,കല്ലുവരമ്പ്,ഇരിഞ്ചയം,ചിറയാണി, പൂങ്കുംമൂട് തുടങ്ങിയ പ്രദേശങ്ങളിലെ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാകും.