odinjuveena-post

കല്ലമ്പലം: ജെ.സി.ബിയുടെ ബക്കറ്റ് വൈദ്യുതി സ്റ്റേ കമ്പിയിൽ തട്ടി പോസ്റ്റുകൾ ഒടിഞ്ഞുവീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കല്ലമ്പലം പെട്രോൾ പമ്പിന് സമീപത്തുനിന്ന് നാറാണത്ത് ചിറയുടെ ഭാഗത്തേയ്ക്ക് പോകുന്ന റോഡിലെ ത്രീ ഫേസ് ലൈനുള്ള രണ്ട് പോസ്റ്റുകളാണ് ഒടിഞ്ഞത്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. കരവാരം പഞ്ചായത്ത് ഓണത്തോടനുബന്ധിച്ച് മേള നടത്താനായി സ്വകാര്യവ്യക്തിയുടെ പുരയിടം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടയിൽ ബക്കറ്റ് സ്റ്റേ കമ്പിയിൽ തട്ടുകയും കമ്പി വലിഞ്ഞ് രണ്ട് പോസ്റ്റ്‌ ഒന്നൊന്നായി ഒടിഞ്ഞുവീഴുകയുമായിരുന്നു. വൈദ്യുതി ലൈനുകൾ കൂട്ടിമുട്ടി വൻ ശബ്ദത്തോടെ തീ കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ഈ സമയം റോഡിൽ കാൽനട യാത്രികരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഉടൻതന്നെ കെ.എസ്.ഇ.ബിയെ വിവരം അറിയിച്ചതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി ഒടിഞ്ഞ പോസ്റ്റുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. വൈകിട്ടോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. 25000 രൂപയോളം നഷ്ടം കണക്കാക്കുന്നതായും ഈ തുക പഞ്ചായത്തിൽ നിന്നും ഈടാക്കുമെന്നും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.