coastelarea

 മുന്നറിയിപ്പുമായി കേരളസർവകലാശാല ജിയോളജി വിഭാഗത്തിന്റെ പഠനം

 58 കിലോമീറ്റർ ഭാഗത്ത് തകർന്നത് നൂറുകണക്കിന് വീടുകൾ

 ഓരോ പ്രദേശത്തും 5 മീറ്റർ ഭൂമി പ്രതിവർഷം കടലെടുക്കുന്നു

 വേളിയിലും വിഴിഞ്ഞത്തും 10.59 മീറ്റർ കടലെടുത്തു

 ശംഖുംമുഖത്ത് കടലെടുത്തത് മുക്കാൽ കിലോമീറ്റർ

തിരുവനന്തപുരം:ജില്ലയിൽ കഴിഞ്ഞ 14 വർഷത്തിനുള്ളിൽ 647 ഏക്കർ തീരഭൂമി കടലെടുത്തതായി കേരള സർവകലാശാല ജിയോളജി വകുപ്പിലെ വിദഗ്ദ്ധ സംഘത്തിന്റെ പഠനം. തെക്ക് പൊഴിയൂർ മുതൽ വടക്ക് അഞ്ചുതെങ്ങ് വരെ 58 കിലോമീറ്റർ കടലോരത്തു നിന്നാണ് ഇത്രയും ഭൂമി നഷ്‌ടപ്പെട്ടത്. ചില ഭാഗങ്ങളിൽ 35 അടി വരെ ഉള്ളിലോട്ട് കയറിയാണ് തിരകളുടെ തീരഭൂമി കവർച്ച. 58 കിലോമീറ്റർ ഭാഗത്ത് നൂറുകണക്കിന് വീടുകളെയും കടലെടുത്തു.ചില മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഭാഗികമായി ഇല്ലാതായി.പ്രതിവർഷം 5 മീറ്റർ തീരഭൂമിയാണ് കടലിൽ അലിയുന്നത്. എന്നാൽ വേളി,ശംഖുംമുഖം,കഠിനംകുളം,മുല്ലൂർ,വിഴിഞ്ഞം, പെരുമാതുറ,അഞ്ചുതെങ്ങ് എന്നീ ഭാഗങ്ങളിൽ പ്രതിവർഷം 10.59 മീറ്റർ വരെയാണ് കടൽ കവരുന്നത്.ശംഖുംമുഖം ഭാഗത്ത് 25 വർഷത്തിനിടെ മുക്കാൽ കിലോമീറ്ററോളം ഭൂമിയാണ് കടലെടുത്തത്.

വിമാനത്താവളത്തെ രക്ഷിക്കണം

കടലാക്രമണം മൂലമുളള തീരശോഷണം തുടർന്നാൽ തിരുവനന്തപുരം വിമാനത്താവളം പത്ത് വർഷത്തിനുള്ളിൽ കടലെടുക്കുമെന്ന് പഠനത്തിൽ പറയുന്നു. കടലാക്രമണം ഏറ്രവും ശക്തം ശംഖുംമുഖത്തായതിനാൽ വിമാനത്താവളത്തിന്റെ സ്ഥിതി അപകടകരമാണ്. വിമാനത്താവളത്തെ രക്ഷിക്കാൻ ശംഖുംമുഖം,കണ്ണാന്തുറ,വേളി,തോപ്പ്,പൂന്തുറ ഭാഗങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കൃത്രിമ കടൽപ്പുറ്റുകൾ നിർമ്മിക്കണമെന്നാണ് പഠനസംഘത്തിന്റെ പ്രധാന ശുപാർശ.ഇതുവഴി തിരകളുടെ ആക്രമണശേഷി ഗണ്യമായി കുറയ്‌ക്കാൻ കഴിയും.അഞ്ച് വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ വിമാനത്താവളവും ആറാട്ടുകടവും ശംഖുംമുഖം കൊട്ടാരവും ഉൾപ്പെടെയുള്ള പൈതൃകപ്രദേശം ഓർമ്മയാകുമെന്നാണ് മുന്നറിയിപ്പ്.

കോടികളുടെ നഷ്‌ടം

കടലിനരികെ കല്ലുകളടുക്കി കടലാക്രമണം തടയുന്നത് ശാസ്‌ത്രീയമായ മാർഗമല്ല.ഇത് കടലിൽ കല്ലിടുന്നതിന് തുല്യമാണ്. ഇത്തരം അശാസ്‌ത്രീയ പദ്ധതികൾ വഴി കോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഖജനാവിന് നഷ്‌ടമാകുന്നത്. കടലിനുള്ളിൽ കൃതൃമ പവിഴപ്പുറ്റുകൾ നിർമ്മിച്ചും ബ്രേക്ക് വാട്ടറുകൾ പണിതും തീരത്തേക്ക് അടിക്കുന്ന തിരകളെ തടുക്കുന്നതാണ് ശാസ്‌ത്രീയ മാർഗം.

പഠനത്തിന് പിന്നിൽ

അത്യാധുനിക സംവിധാനങ്ങളായ റിമോട്ട് സെൻസിംഗ് അടക്കം ഉപയോഗിച്ചും ഓരോ പ്രദേശവും പ്രത്യേകം അളന്നുതിരിച്ചുമാണ് പഠനം നടന്നത്.

'തിരമാലകളുടെ ഉയരവും ശക്തിയും വർദ്ധിക്കുകയാണ്. വലിയതുറ അടക്കമുള്ള പ്രദേശങ്ങളിൽ ഇപ്പോഴുണ്ടായ കടൽക്ഷോഭം ഒരു സൂചനയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് തീരശോഷണം തടയുന്നതിനുള്ള നടപടി സ്വീകരിക്കണം'

ഇ.ഷാജി

ജിയോളജി വിഭാഗം മേധാവി,

കേരള സർവകലാശാല