
ഉദിയൻകുളങ്ങര : ധനുവച്ചപുരം ഐ.ടി.ഐയിൽ ആയുധനിർമ്മാണം കണ്ടെത്തിയ പ്രശ്നത്തിൽ
പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഐ. ടി.ഐയിലേക്ക് യുവ
മോർച്ച നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തും തള്ളും.യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മാർച്ച് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര ഡിവൈ എസ്.പി ശ്രീകാന്തിന്റെയും പാറശാല സർക്കിൾ ഇൻസ്പക്ടർ
ഹേമന്ത്കുമാറിന്റെയും നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ധനുവച്ചപുരം പാർക്ക് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ എത്തിയതോടെ പൊലീസ് തടഞ്ഞു. അകാരണമായി മാർച്ച് തടഞ്ഞതിൽ ക്ഷുഭിതരായ പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പെരുങ്കടവിള ഷിജു അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം പ്രദീപ്, ജില്ലാ കമ്മിറ്റി അംഗം എസ്.വി. ശ്രീജേഷ്, യുവമോർച്ചാ ജില്ലാ നേതാവ് രാമേശ്വരം ഹരി, മണ്ഡലം സെക്രട്ടറി സുധീഷ് തുടങ്ങിയവർ സംസാരിച്ചു. ധനുവച്ചപുരം ഐ.ടി.ഐയും ഐ.എച്ച്.ആർ.ഡി കോളേജും കേന്ദ്രീകരിച്ച് നടക്കുന്ന ആയുധനിർമ്മാണവും കഞ്ചാവ് ലഹരി മാഫിയകളുടെ അക്രമങ്ങളും അവസാനിപ്പിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് മോർച്ചാ ഭാരവാഹികൾ അറിയിച്ചു.