
വർക്കല: സ്പോർട്സ് ടൂറിസത്തിന് സാദ്ധ്യതകൾ ഏറെയുള്ള വർക്കലയിൽ ഇൻഡോർ സ്റ്റേഡിയം വേണമെന്ന കായിക പ്രേമികളുടെ ആവശ്യം സർക്കാർ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പരാതി.
വർക്കലയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഉതകുന്ന മിനി ഇൻഡോർ സ്റ്റേഡിയമാണ് അധികൃതരുടെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നത്. 2015ലെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നാലാമത്തെ ബീച്ചായി തിരഞ്ഞെടുക്കപ്പെട്ട വർക്കല പാപനാശം ബീച്ചിൽ സ്പോർട്സ് ടൂറിസത്തിന് സാദ്ധ്യതകളേറെയാണ്.
ബില്യാർഡ്സ്, സ്നൂക്കർ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, വോളിബാൾ, ബാസ്കറ്റ് ബാൾ, കരാട്ടെ, കബഡി, ക്രിക്കറ്റ് തുടങ്ങിയ വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്നതിനും വിനോദസഞ്ചാര സീസണിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് എന്ന ആവശ്യവുമായി കായികപ്രേമികൾ മുന്നോട്ടുവന്നത്.
വർക്കല ടൂറിസം വികസനത്തിന്റെ ഭാഗമായി പ്രവർത്തന സജ്ജമാക്കിയ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ അനുബന്ധ പ്രോജക്ടായി സ്റ്റേഡിയം കോംപ്ലക്സ് ഉൾപ്പെടുത്തിയാൽ വർക്കലയുടെ വിനോദസഞ്ചാര വികസനത്തിന്റെ മുഖം തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാപനാശം മേഖല കേന്ദ്രീകരിച്ച് സ്പോർട്സ് ടൂറിസത്തിന് മുൻഗണന നൽകി മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.