cet1

ശ്രീകാര്യം: വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നതിനെ തുടർന്ന് നാട്ടുകാർ മുറിച്ചുമാറ്റിയ വെയിറ്റിംഗ് ഷെഡിലെ സീറ്റിന് പകരം ജൻഡർ - ന്യൂട്രലായ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഇന്നലെ രാവിലെ 11.30ഓടെ ശ്രീകാര്യം കോളേജ് ഒഫ് എൻജിനിയറിംഗിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയ ശേഷമായിരുന്നു മേയറുടെ പ്രഖ്യാപനം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നതായും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ചിരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കുണ്ടെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിൽ തന്നെയാണ് ജീവിക്കുന്നതെന്നും മേയർ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും സംഭവസ്ഥലം സന്ദർശിച്ചു.

കോളേജ് എത്തുന്നതിന് തൊട്ടുമുമ്പ് അലത്തറ - കട്ടേല റോഡ് ആരംഭിക്കുന്ന ഭാഗത്തെ കോളേജ് ലേഡീസ് ഹോസ്റ്റൽ മതിലിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ചിലർ സീറ്റ് മുറിച്ചുമാറ്റിയത്. തുടർന്ന് കുട്ടികൾ തോളിൽ കൈയിട്ട് മട‌ിയിലിരിക്കുന്ന ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 'അടുത്ത് ഇരിക്കരുത് എന്നല്ലേയുള്ളൂ... മടിയിലിരിക്കാമല്ലോ" എന്ന അടിക്കുറിപ്പിൽ വന്ന ചിത്രം വൈറലായി. അഞ്ചുപേർക്ക് ഇരിക്കാവുന്ന സീറ്റാണ് മൂന്നു കഷണമാക്കി മുറിച്ചത്.

ഡി.വൈ.എഫ്.ഐയുടെ ഇരിപ്പ് സമരം

വെയിറ്റിംഗ് ഷെഡ് തകർത്തതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികളും യുവജന സംഘടനാ പ്രവർത്തകരും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിപ്പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്‌ത സമരത്തിൽ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ്, ജില്ലാ ട്രഷറർ വി.എസ്. ശ്യാമ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.എസ്. നിധിൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം രേവതി, ജില്ലാ കമ്മിറ്റി നിധീഷ്, ശ്യാം, സെബിൻ, വനേഷ് തുടങ്ങിയവർ പങ്കെടുത്തു. സദാചാരവാദികൾ വികൃതമാക്കിയ വെയിറ്റിംഗ് ഷെഡ് പുനർ നിർമ്മിക്കുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചു.

നാട്ടുകാർ പറയുന്നത്

അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10 വർഷം മുമ്പാണ് ഈ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത്. ഇവിടെ സി.ഇ.ടി വിദ്യാർത്ഥികൾ ഇരിപ്പുറപ്പിച്ചതോടെ യാത്രക്കാരായ നാട്ടുകാർ ഇവിടെ കയറാതായി. വിദ്യാർത്ഥികൾക്കായി കോളേജിന് മുന്നിൽ കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും ഇവിടെ രാപകൽ വ്യത്യാസമില്ലാതെ ആൺകുട്ടികളും പെൺകുട്ടികളും സംഘം ചേർന്ന് സഭ്യമല്ലാത്ത രീതിയിൽ ഇരിക്കുന്നത് നാട്ടുകാർ ചോദ്യം ചെയ്‌തിട്ടും പതിവ് രീതി തുടർന്നു.

തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങളിൽ മാറ്റം വരുത്തിയത്. നാട്ടുകാരെപ്പോലെ ഏതൊരു വിദ്യാർത്ഥിക്കും കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നതിന് ആരും എതിരല്ല. യഥാർത്ഥ വസ്തുത മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രതിഷേധമാണ് നടക്കുന്നതെന്നും എൻജിനിയറിംഗ് കോളേജ് ശ്രീകൃഷ്ണ നഗർ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയും പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാരവാഹിയുമായ ചെറുവയ്‌ക്കൽ ജയൻ പറയുന്നു.

ഉമാ തോമസ് എം.എൽ.എ സന്ദർശിച്ചു

ബസ് സ്റ്റോപ്പിലെ ഇരിപ്പിടത്തിൽ വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് ഉമാ തോമസ് എം.എൽ.എ. കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് എം.എൽ.എ എത്തിയത്. സഹപാഠികൾ ഒരുമിച്ചിരിക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതും തെറ്റായി കാണുന്ന സമീപനം മാറണമെന്ന് ഉമാ തോമസ് പറഞ്ഞു.

കെ.എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ, കെ.എസ്.യു ടെക്‌നിക്കൽ വിംഗ് കോ ഓർഡിനേറ്റർ ജസ്‌വിൻ റോയ്, യൂണിറ്റ് പ്രസിഡന്റ് ഫലാഹുദ്ദീൻ, അമൃത, ദേവപ്രിയ, സെയ്ദാലി, ബോബൻ എന്നിവർ പങ്കെടുത്തു.