തിരുവനന്തപുരം: പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച മന്ത്രി ആന്റണി രാജു രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് ശ്യാം ബൈജു,നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹൻ,നെടുമങ്ങാട് ടൗൺ ജനറൽ സെക്രട്ടറി മഹേഷ് .എം.എസ് എന്നിവർക്കാണ് പരിക്കേറ്റത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ മാർച്ച് ഉദ്ഘാടനം ചെയ്‌തു.ജില്ലാ ജനറൽ സെക്രട്ടറി അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ്,നെടുമങ്ങാട് വിൻജിത്ത്, പൂവച്ചൽ അജി,പാപ്പനംകോട് ശ്രീജിത്ത്, വിജീഷ്,കവിതാ സുഭാഷ്, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.