
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്ന കിഫ്ബിയെ വട്ടമിട്ട് മൂന്ന് കേന്ദ്ര ഏജൻസികൾ നടക്കുന്നുവെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സി.എ.ജി, ഇ.ഡി, ആദായ നികുതി എന്നീ ഏജൻസികൾ കിഫ്ബിയെ തകർക്കാനാണ് ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ പൊതുകടത്തിൽപെടുത്തി സംസ്ഥാനത്തിന്റെ വായ്പാലഭ്യത കുറയ്ക്കാനാണ് സി.എ.ജി ശ്രമം. കരാറുകാരെ തടയാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. ഇ.ഡിയാകട്ടെ മസാലബോണ്ടിന്റെ പേരിൽ മുൻധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനും വികസന അജണ്ടയും പുരോഗതിയും തടയാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് തോമസ് ഐസക്കിന് അയച്ച നോട്ടീസ്. മസാല ബോണ്ടിനെതിരെ 2021 ഫെബ്രുവരി മുതൽ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ കഴിഞ്ഞവർഷം ഡിസംബർ 15ന് ചോദ്യം ചെയ്തു. മറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയിട്ടുണ്ട്.