p

തിരുവനന്തപുരം: ദേവസ്വം ബോർഡുകളിലെ എൻട്രി കേഡർ തസ്തികകളിലെ ബൈ ട്രാൻസ്ഫർ നിയമനം സർക്കാർ ചട്ടങ്ങൾക്കനുസൃതമായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വഴി നടത്തണമെന്ന ആവശ്യത്തിൽ അഭിപ്രായം തേടി അഞ്ചു ദേവസ്വം ബോർഡുകൾക്കും റിക്രൂട്ട്മെന്റ് ബോ‌ർഡ് കത്തയച്ചു.

എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നിന്ന് തസ്തിക മാറ്റം മുഖേന നികത്തേണ്ട ഒഴിവുകളിൽ ഗുരുവായൂർ ദേവസ്വം ബോർഡ് നേരിട്ടു പ്രൊമോഷൻ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കത്ത്.

ദേവസ്വം ബോർഡുകളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ലാർക്ക് തസ്തികയിലേക്ക് 35 ശതമാനം സംവരണമുണ്ട്. ഓഫീസേഴ്സ് ടെസ്റ്റ് പാസായവരെ സീനിയോരിറ്റിയനുസരിച്ച് ഒഴിവു വരുന്ന മുറയ്ക്ക് നിയമിക്കുന്നതാണ് നിലവിലെ രീതി.

പ്രധാന

നിർദ്ദേശങ്ങൾ

ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നിന്ന് സബോർഡിനേറ്റ് സർവീസിലേക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ മത്സരപരീക്ഷയിലൂടെയാകണം നിയമനം.

40 ശതമാനം മാർക്ക് ലഭിച്ചവരുടെ റാങ്ക് ലിസ്റ്റ് മെറിറ്റടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിക്കുന്നതുവരെ ലിസ്റ്റിൽ തുടരാം.

സർവീസിൽ ഫുൾ മെമ്പർ/അപ്രൂവ്ഡ് പ്രൊബേഷണറായ നിശ്ചിത യോഗ്യതയുള്ളവർക്ക് തസ്തികമാറ്റം മുഖേനയുള്ള നിയമനത്തിന് അർഹത.

വിവിധ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തോടൊപ്പം തസ്തിക മാറ്റം വഴിയുള്ള നിയമനത്തിനും ഒഴിവുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യണം.

ഭിന്നശേഷി

നിയമനം

ഭിന്നശേഷിക്കാർക്ക് നിയമനം നൽകാവുന്ന തസ്‌തികകൾ ഏതെല്ലാമെന്ന് ദേവസ്വം ബോർഡുകൾ ഏകീകൃതമായി കണ്ടെത്തണം. എല്ലാ ബോർഡുകളിലെയും ഒരേ കാറ്റഗറിയിലുള്ള തസ്‌തികകൾ ഭിന്നശേഷിക്കാർക്കായി മാറ്റി വയ്‌ക്കണം.

പുതിയ പരിഷ്കാരം നടപ്പായാൽ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരീക്ഷ പാസാകാത്ത സീനിയോരിറ്റിയുള്ള ജീവനക്കാർക്ക് അർഹതപ്പെട്ട പ്രൊമോഷൻ നഷ്ടമാവും

-പ്രേംജിത്ത് ശർമ്മ

തിരു. ദേവസ്വം എംപ്ലോ.

യൂണിയൻ സെക്രട്ടറി

ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അഭിപ്രായം വ്യക്തമാക്കും

-ബി.എസ് പ്രകാശ്

തിരു. ദേവസ്വം കമ്മിഷണർ