വട്ടപ്പാറ: സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് തുക അനുവദിക്കാതെ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.എസ്.ടി എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ചെലവായ തുകയുടെ ബില്ലും അനുബന്ധ രേഖകളും പ്രഥമാദ്ധ്യാപകർ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. 80ശതമാനം കേന്ദ്രഫണ്ടും 20 ശതമാനം സംസ്ഥാനഫണ്ടും ഉപയോഗിച്ചാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. പ്രഥമാദ്ധ്യാപകർ പതിനായിരക്കണക്കിന് രൂപ പോക്കറ്റിൽ നിന്ന് മുടക്കിയാണ് ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്. ജൂലായ് പകുതി പിന്നിട്ടിട്ടും സ്കൂൾ പാചക തൊഴിലാളികൾക്ക് കൂലി കൊടുക്കാനും സർക്കാർ തയാറായിട്ടില്ലെന്നും അടിയന്തരമായി പദ്ധതിയ്ക്ക് വേണ്ട തുക വർദ്ധിപ്പിച്ച് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണന്ന് ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ടമായി ഡി.ജി.ഇ ഓഫീസിനു മുന്നിൽ 23ന് ഉപവാസ സമരം സംഘടിപ്പിക്കുമെന്നും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ സർക്കാർ അനാസ്ഥ പരിഹരിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എൻ. രാജമോഹൻ, അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ പ്രദീപ് നാരായണൻ, ജിനിൽ ജോസ്, ബിജു തോമസ്, സജീന. എസ്, ശ്രീകുമാർ, ആത്മകുമാർ ജില്ലാ സെക്രട്ടറി എൻ. സാബു, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.