
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ കോഴോട്-മണ്ണാംകുളം റോഡ് നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പഞ്ചായത്തിലെ ഗ്രാമീണറോഡുകൾ മിക്കതും തകർന്നു. പഞ്ചായത്ത് ഫണ്ടിന്റെ അപര്യാപ്തതയിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഫണ്ടുകൾ അനുവദിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്. റോഡ് ഗതാഗതയോഗ്യമല്ലാതായി മാറി വർഷങ്ങളായിട്ടും ജനപ്രതിനിധികൾ ആരുംതന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് എൽ.എസ്.ജി.ഡി വിഭാഗത്തിലും റോഡിനെതിരെ നാട്ടുകാർ പ്രതിഷേധമറിയിച്ചിട്ടുണ്ട്. കോഴോട് ബൈ റോഡായ മണ്ണാംകുളം റോഡിനെ കാലങ്ങളായി അധികൃതർ അവഗണിക്കുകയാണ്. രാത്രികാലങ്ങളിൽ രോഗികളെ സമീപ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തവിധം റോഡ് ശോച്യാവസ്ഥയിലാണ്. കുത്തനെയുള്ള ഇറക്കമായതിനാൽ അപകടസാദ്ധ്യതയും വർദ്ധിച്ചിരിക്കുകയാണ്.സ്കൂൾ പുതിയ അദ്ധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ ഗ്രാമീണറോഡുകളുടെ കുഴിയടയ്ക്കലും നവീകരണവും വേഗത്തിൽ പൂർത്തീകരിക്കണമെന്നാണ് മരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് ഫണ്ടിന്റെ കുറവ് മൂലം മിക്ക ഗ്രാമീണറോഡുകളും തകർന്ന നിലയിലാണ്. നെല്ലിമൂട് സ്കൂൾ, പുതിച്ചൽ യു.പി.എസ് തുടങ്ങി നിരവധി സ്കൂൾ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് മെറ്റലും ടാറും ഇളകി പൂർണ്ണായി ക്ഷയിച്ചിരിക്കുന്നത്. ഒരു വാഹനവും കടന്നുപോകാൻ കഴിയാത്തവിധം റോഡിന്റെ ഇരുഭാഗത്തും വിള്ളൽ സംഭവിച്ച് കുണ്ടും കുഴിയും രൂപപ്പെട്ടു. നാട്ടുകാർ പരാതി അറിയിച്ചിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.