take

നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ 100ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നഗരസഭ അമരവിളയിൽ നിർമ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. 20 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അടഞ്ഞു കിടക്കുന്നത്. കുടിവെള്ള കണക്ഷൻ ഇതുവരെയും ലഭിക്കാത്തതാണ് കെട്ടിടം തുറന്ന് കൊടുക്കാൻ അധികൃതർ വൈകുന്നതിന് കാരണം. പുതുമോടി മാറാത്ത കെട്ടിടവും പരിസരവും ഇപ്പോൾ കാടുംപടർപ്പും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. പദ്ധതി നടപ്പിലാക്കുകയെന്ന ലക്ഷ്യത്തിൽ സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതിനാണ് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതെന്നും അധികൃതർ ഇതിന് കൂട്ടുനിൽക്കുന്നതായും ബി.ജെ.പി ആരോപിച്ചു. കുടിവെള്ള കണക്ഷൻ ലഭിക്കാത്തതാണ് കെട്ടിടം തുറക്കാനുള്ള കാലതാമത്തിനിടയാക്കുന്നതെന്ന് നഗരസഭ സെക്രട്ടറി മണികണ്ഠൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി അടിയന്തിരമായി കെട്ടിടം പൊതുജനാവശ്യങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബു രാജ് കൃഷ്ണ പറഞ്ഞു.