
കടയ്ക്കാവൂർ:കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സീറോ പോയിന്റാണ്. എന്നാൽ സ്വകാര്യ ബസുകളൊന്നും റെയിൽവേ സ്റ്റേഷനിൽ വരാതെ ഓവർ ബ്രിഡ്ജ് വഴി കടന്നുപോകും. സ്വകാര്യ ബസുകളുടെ ട്രിപ്പ് മുടക്കം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് കടയ്ക്കാവൂർ വഴി പോകുന്ന സ്വകാര്യ ബസുകളാണ് അടിക്കടി ട്രിപ്പ് മുടക്കി യാത്രക്കാർക്ക് പണി നൽകുന്നത്. സ്വകാര്യ ബസുകൾ തോന്നിയ പോലെയാണ് സർവീസ് നടത്തുന്നതെന്ന് യാത്രക്കാരുടെ പരാതി. സ്വകാര്യ ബസുകളുടെ ട്രിപ്പ് മുടക്കവും സമയം തെറ്റിയുള്ള സർവീസും കാരണം കടയ്ക്കാവൂർ ചിറയിൻകീഴ് റൂട്ടിൽ ഓട്ടോയാണ് ശരണം. ഇത് ട്രെയിൻ യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുന്നു. കടയ്ക്കാവൂർ വർക്കല റൂട്ടിൽ സന്ധ്യ കഴിഞ്ഞാൽ പല ബസുകളും വിളബ്ഭാഗം പെട്രോൾ പമ്പിൽ ട്രിപ്പ് മുടക്കുന്നതായുളള ആക്ഷേപമുണ്ട്. പലപ്പോഴും ബസ് ജീവനക്കാരും യാത്രക്കാരുമായി വഴക്കിനും കൈയാങ്കളിക്കും ഇടവരുന്നുണ്ട്. പാതിവഴിയിൽ സർവീസ് മുടങ്ങുന്നതിനാൽ പെട്രോൾ പമ്പിൽ നിന്നും വർക്കല വരെയുളള നാല് കിലോമീറ്റർ ദൂരം യാത്രക്കാർ ഓട്ടോ പിടിച്ചാണ് പോകുന്നത്. ഇത് യാത്രക്കാർക്ക് സാമ്പത്തികബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. സ്വകാര്യ ബസുകളുടെ ഇത്തരം നടപടികളെക്കുറിച്ച് യാത്രക്കാർ അധികൃതർക്ക് പല പരാതികളും നൽകിയിട്ടുണ്ടെങ്കിലും ഫലമില്ല.ബസുകൾ ട്രിപ്പുകൾ മുടക്കാതെ സർവീസ് നടത്താൻ അധികൃതർ അടിയന്തരമായി ശ്രദ്ധിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.