തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയായി ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീറിനെ നിയമിച്ച് സർക്കാർ ഉത്തരവായി. ഹൈക്കോടതി തയ്യാറാക്കി സമർപ്പിക്കുന്ന ജില്ലാ സെഷൻസ് ജഡ്ജിമാരായ അഞ്ചംഗ പാനലിൽ നിന്നാണ് സെക്രട്ടറിയെ നിശ്ചയിക്കുന്നത്. മൂന്ന് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നിലവിൽ നെടുമങ്ങാട് കുടുംബ കോടതി ജഡ്ജിയാണ്.
തൃശൂർ വടക്കാഞ്ചേരിയിൽ മച്ചാട് അമ്മണത്ത് മൊയ്‌തുണ്ണിയുടേയും ഹവ്വാവുമ്മ ഹജ്ജുമ്മയുടെയും മകനാണ്. വടക്കാഞ്ചേരിയിൽ അഭിഭാഷകനായിരിക്കെ 2002ൽ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി. തുടർന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ജോലി ചെയ്തു.
എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയായിരിക്കെ 2018ലെ പ്രളയ കാലത്ത് നടത്തിയ ഇടപെടൽ ദേശീയ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ഗവ. ലാ കോളേജിൽ വിദ്യാർത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച ഒരു പോരാളി ജനിക്കുന്നു (കഥാസമാഹാരം), ഉറുപ്പ (നോവൽ), റയട്ട് വിഡോസ് (ഇംഗ്ലീഷ് നോവൽ), പച്ച മനുഷ്യൻ (നോവൽ), ജംറ (സഞ്ചാര സാഹിത്യം), ജെ കേസ് (ഇംഗ്ലീഷ് കേസ് സ്റ്റഡി) എന്നീ കൃതികളുടെ രചയിതാവാണ്. ഭാര്യ: സുമ, കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെക്ഷൻ ഓഫീസർ (ഇപ്പോൾ കോർട്ട് ഓഫീസർ, ലോകായുക്ത). മക്കൾ അസ്മിൻ നയാര, ആസിം ബഷീർ (കുസാറ്റിൽ നിയമ വിദ്യാർത്ഥികൾ).