mahaveeryar

തിരുവനന്തപുരം: 'ആക്ഷൻ ഹീറോ ബിജു'വിന് ശേഷം നിവിൻ-എബ്രിഡ് കൂട്ടുകെട്ടിൽ വ്യത്യസ്ത പ്രമേയവുമായി തീയറ്ററിലെത്തിയ ചിത്രമാണ് 'മഹാവീര്യർ '.നിവിനൊപ്പം ആസിഫ് അലിയും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. പുതുമയുള്ള ട്രെയിലറിനൊപ്പം കഥാപാത്രങ്ങളുടെ പേര് പോലും സസ്പെൻസാക്കി വച്ചാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. താരത്തിന്റെ അപൂർണാനന്ദസ്വാമി എന്ന കഥാപാത്രം പ്രേക്ഷകന് മുന്നിൽ അപൂർണമായി ആദ്യാവസാനം വരെ തുടരുന്നു .

മനോമയ രാജ്യത്തെ രുദ്ര മഹാവീര രാജാവും അദ്ദേഹത്തിന് വേണ്ടി ജീവൻ കൊടുക്കാൻ പോലും തയ്യാറായ മന്ത്രി മുഖ്യൻ സചിവോത്തമനും പൂവിൽപ്പനക്കാരി ദേവയാനിയുമാണ് പൂർവകാല കഥയിലുള്ളത്. മഹാരാജാവായി ലാലും മന്ത്രിയായി ആസിഫ് അലിയും ദേവയാനിയായി ഷാൻവി ശ്രീവാസ്തവയും എത്തുന്നു.

ഒരു ക്ഷേത്രത്തിലെ വിഗ്രഹമോഷണവും തുടർന്നുള്ള കോടതി വ്യവഹാരവുമാണ് ചിത്രത്തിന്റെ ആദ്യപകുതി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്സും വർത്തമാനകാല കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്. പൂർവകാലവും വർത്തമാനകാലവും ഇടകലർന്ന ചിത്രത്തിൽ കോടതിയിലെ വാദപ്രതിവാദ രംഗങ്ങൾ ആസ്വാദ്യകരമാണ്. രണ്ട് കാലഘട്ടത്തിലെയും കഥാപാത്രങ്ങൾ ഒന്നിക്കുന്ന തരത്തിലാണ് ഇന്റർവൽ കഴിഞ്ഞുള്ള ഭാഗം.സിനിമയുടെ ആദ്യപകുതി ചിരി പടർത്തിയെങ്കിൽ രണ്ടാം പകുതി ചിന്തിപ്പിക്കുകയാണ്. ടൈം ട്രാവലാണോ അതോ കഥാപാത്രങ്ങൾ സ്വപ്നം കാണുന്നതാണോ സിനിമയുടെ ഉള്ളടക്കമെന്ന് പ്രേക്ഷകരിൽ ചിലർക്കെങ്കിലും തോന്നിയേക്കാം.