
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെ സ്വപ്‌നം കണ്ടുറങ്ങുന്ന ഭീരുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സോണിയാഗാന്ധിക്കെതിരായ ഇ.ഡി നടപടിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനും അപകീർത്തിപ്പെടുത്താനും ഇഷ്‌ടക്കാരുടെ ചെയ്‌തികളെ ചേർത്തുനിറുത്തി സംരക്ഷിക്കാനുമാണ് ഉപയോഗിക്കുന്നത്. ഏകാധിപതികളായ ഹിറ്റ്‌ലർക്കും മുസോളിനിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയമാണ്. ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴെല്ലാം ശക്തമായി തിരിച്ചുവന്ന പ്രസ്ഥാനമാണ് കോൺഗ്രസെന്നും സതീശൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്‌ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, ടി.യു. രാധാകൃഷ്‌ണൻ, എൻ. ശക്തൻ, പ്രതാവർമ്മ തമ്പാൻ രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്‌മാൻ, വി. പ്രതാപചന്ദ്രൻ, ജി.എസ്. ബാബു, ജി. സുബോധൻ, പഴകുളം മധു, എം.എം. നസീർ തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് എം.എം. ഹസ്സനും കെ.പി.സി.സി ഭാരവാഹികളും ഡി.സി.സി പ്രസിഡന്റുമാരും നേതൃത്വം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്.