തിരുവനന്തപുരം:ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹന് തലസ്ഥാനത്തിന്റെ അന്ത്യാജ്ഞലി.ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങിയത്. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവൽ ഇന്ദുലേഖ കലാനിലയം കൃഷ്‌ണൻനായർ സിനിമയാക്കിയപ്പോൾ അതിലെ നായകൻ മാധവനെ അവതരിപ്പിച്ചത് രാജ്‌മോഹനായിരുന്നു. മരിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ഈ എൺപത്തിയെട്ടുകാരനെ ആരും ഏറ്റെടുക്കാനുണ്ടായിരുന്നില്ല. ഒടുവിലാണ് ചലച്ചിത്ര അക്കാഡമിയുടെ ഇടപെടലുണ്ടായത്. ഭാരത് ഭവനിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രി വി.എൻ. വാസവൻ സംസ്ഥാന സർക്കാരിനായി അന്ത്യാജ്ഞലി അർപ്പിച്ചു.നിർമ്മാതാവ് ജി.സുരേഷ് കുമാർ,കവി മുരുകൻ കാട്ടാക്കട,ഭാഗ്യലക്ഷ്‌മി,നടൻ മധുപാൽ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി. വാർദ്ധക്യസജമായ അവശതകളെ തുടർന്ന് പുലയനാർകോട്ടയിലെ അനാഥലയത്തിൽ നിന്ന് ഈ മാസം നാലിന് രാജ്‌മോഹനെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.