തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. ഇന്നലെ ഉച്ചയ്‌ക്ക് 2.30ഓടെ തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
പ്രതിഷേധം നടത്തുമെന്നറിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നെങ്കിലും പ്രവർത്തകർ ഇത് മറികടന്ന് നാലാം നമ്പർ പ്ളാറ്റ്ഫോമിലുണ്ടായിരുന്ന രാജധാനി എക്‌സ്‌പ്രസിന് മുന്നിപിലും മുകളിലുമായി കയറിനിന്ന് ഇ.ഡിക്കും കേന്ദ്രസർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കി. ഏറെ പണിപ്പെട്ട് പൊലീസും റെയിൽവേ പൊലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ താഴെയിറക്കിയ പ്രവർത്തകരെ പിന്നീട് അറസ്‌റ്റ് ചെയ്‌തു. ഇവരെ ജാമ്യത്തിൽ വിട്ടു. അന്വേഷണ ഏജൻസികളെ ആർ.എസ്.എസിന്റെ കൈയിലെ കളിപ്പാട്ടമാക്കിയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാപ്രസിഡന്റ് സുധീർഷാ പാലോട്, സെക്രട്ടറിമാരായ ഷജീർ നേമം, വിനോദ് കോട്ടുകാൽ, അരുൺ രാജൻ, ടി.ആർ. രാജേഷ്, അരുൺ സി.എസ്, കെ.എഫ്. ഫെബിൻ, ജില്ലാഭാരവാഹികളായ സജിത് മുട്ടപ്പലം, അബീഷ് മണക്കാട്, പ്രമോദ്, മാഹീൻ പഴഞ്ചിറ, ഋഷി കൃഷ്ണൻ, ഷമീർഖാൻ തുടങ്ങിയവർ പങ്കെടുത്തു.