
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിൽ വധശ്രമമുണ്ടായെന്ന കേസിൽ അറസ്റ്റ് ചെയ്ത മുൻ എം.എൽ.എ കെ.എസ്. ശബരിനാഥനെ പൊലീസ് ഇന്നലെയും ചോദ്യം ചെയ്തു. രാവിലെ മുതൽ വൈകിട്ടുവരെ ചോദ്യം ചെയ്യൽ നീണ്ടു. ഇന്നും തുടരും. ശബരി കോടതിയിൽ ഹാജരാക്കിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള പദ്ധതിയുടെ വിവരങ്ങളെല്ലാം ശബരി വെളിപ്പെടുത്തിയതായും വിമാനത്തിൽ നിന്ന് രക്ഷപെട്ട മൂന്നാം പ്രതി സുനീത് എവിടെയാണ് ഒളിവിൽ കഴിഞ്ഞതെന്നും സംരക്ഷിച്ചത് ആരൊക്കെയാണെന്നും മൊഴി നൽകിയെന്നും പൊലീസ് പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കളെയും കണ്ണൂരിലെ പ്രാദേശിക നേതാക്കളെയും അടുത്ത ദിവസം ചോദ്യം ചെയ്യും. 13,000രൂപയുടെ വീതം ടിക്കറ്റെടുത്തയാളെയും കണ്ടെത്തണം. ടിക്കറ്റ് തുക ഇതുവരെ നൽകിയിട്ടില്ലെന്നാണ് കണ്ടെത്തൽ.