youth-congress

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ അക്രമ ഗൂഢാലോചനക്കേസിൽ കെ.എസ്. ശബരിനാഥന്റെ അറസ്റ്റിലേക്ക് നയിച്ച വാട്സാപ്പ് സന്ദേശം ചോർത്തിയ വിവാദത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസിൽ പോര് രൂക്ഷം.

പാലക്കാട്ടെ ചിന്തൻശിബിരത്തിലെ പീഡന വിവാദത്തിൽ തുടങ്ങിയ പോര് മൂർദ്ധന്യത്തിലെത്തിയതോടെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ്. നുസൂറിനെയും എസ്.എം. ബാലുവിനെയും ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തു. സംഘടനാ പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ആർ. ശ്രാവൺ റാവു ഇരുവരെയും സസ്പെൻഡ് ചെയ്തത്.

യൂത്ത് കോൺഗ്രസിന്റെ മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റാണ് കെ.എസ്. ശബരിനാഥൻ. ഷാഫി- ശബരി ടീം നേതൃത്വം നൽകുന്ന ഔദ്യോഗിക ചേരിക്കൊപ്പമല്ല എ ഗ്രൂപ്പുകാരനായ നുസൂറും രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ബാലുവും. ഔദ്യോഗിക നേതൃത്വത്തോട് ഇരുവരും ശീതസമരത്തിലാണ്. പാലക്കാട് ചിന്തൻ ശിബിരത്തിൽ നിയമ വിദ്യാർത്ഥിനിയുടെ പേരിൽ വ്യാജ പീഡന പരാതി പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ നേതൃത്വം സംശയിക്കുന്നയാളാണ് ബാലു. എന്നാൽ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകളെ ചോദ്യം ചെയ്തതിന് പക പോക്കുകയാണെന്നാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.

ശബരിനാഥന്റെ വാട്സാപ്പ് ചാറ്റ് ചോർച്ച വിവാദമായതോടെ, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നുസൂറിന്റെ നേതൃത്വത്തിൽ 12 സംസ്ഥാന ഭാരവാഹികൾ ചേർന്ന് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സംഘടനയുടെ ഔദ്യോഗിക ഗ്രൂപ്പിലെ ചാറ്റുകൾ നിരന്തരം ചോരുന്നുണ്ടെന്നും, ഇക്കാര്യം ബോദ്ധ്യപ്പെട്ടിട്ടും സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നുമായിരുന്നു ദേശീയ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസിന് നൽകിയ കത്തിൽ ആരോപിച്ചത്. പുതിയ വാട്സാപ്പ് ചാറ്റ് ചോർച്ച സംഘടനയിൽ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കെയാണ്, ഇരു നേതാക്കളെയും സസ്പെൻഡ് ചെയ്തത്. തെറ്റായ നീക്കമാണ് ദേശീയ നേതൃത്വത്തിന്റേതെന്നാണ് സസ്പെൻഷനിലായവരുടെ വാദം. ഇതിനെതിരെ ഇന്ന് നുസൂർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചേക്കും.വാട്സാപ്പ് ചാറ്റ് ചോർച്ച ഔദ്യോഗികനേതൃത്വം തന്നെ ആസൂത്രണം ചെയ്തതാണെന്നാണ് ഇവരുടെ വാദം. സംഘടനയുടെ ഒരു സംസ്ഥാന ഭാരവാഹിയുടെ ബന്ധുവായ സി.പി.എം പ്രാദേശിക നേതാവ് വഴി അത് ചെയ്യിച്ചത് ശബരിനാഥനാണെന്ന ആരോപണമാണ് ഇവരുയർത്തുന്നത്. എന്നാൽ ഇപ്പോൾ സസ്പെൻഷനിലായ രണ്ട് പേരും നേരത്തേ മുതൽ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തുകയാണെന്നാണ് ഔദ്യോഗികനേതൃത്വം വ്യക്തമാക്കിയത്.